ഇടുക്കി: കാന്തല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍. സോളാര്‍ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കിയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സ്ഥലം ഉടമ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭൂമിയിലാണ് പ്രദേശവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.
ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആനയല്ല ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടക്കടവ് പുതുവെട്ട് ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രോഗബാധയെ തുടര്‍ന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates