തൃശൂര്‍: 2026ന്റെ തുടക്കം പൊരിച്ചു... അത്ഭുതപരതന്ത്രരായി വിദേശസഞ്ചാരികളായ ഗൂസ് ഓരിയവും ഡൊണാള്‍ഡും സംഘാംഗങ്ങളും. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിദേശസഞ്ചാരികള്‍ക്ക് വിസ്മയമായി കാട്ടാനകള്‍ വിഹരിക്കുന്ന കാഴ്ചകള്‍. കാമറയില്‍ പകര്‍ത്തിയും അവയെ മനംനിറയേ കണ്ടും അവര്‍ വിസ്മയിച്ചു. പുതുവത്സര ആഘോഷത്തിനായി അതിരപ്പിള്ളിയിലെത്തിയ ഇംഗ്ലണ്ടില്‍ നിന്നും സ്വീഡനില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്കാണ് കാട്ടാനക്കൂട്ടം നയനമനോഹര കാഴ്ചയായത്.
സ്വീഡന്‍കാരനായ ഗൂസ് ഓരിയവും സംഘത്തിനും, ഇംഗ്ലണ്ട് സ്വദേശി ഡോണ്‍ള്‍ഡും സംഘത്തിനും കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പുതിയനുഭവമായിരുന്നു. അവിസ്മരണീയം..എന്നാണവര്‍ പറഞ്ഞത്. കാട്ടാനകളെ കണ്ട് കമ്പം കയറിയ അവര്‍ 2026 ന്റെ തുടക്കം ഗംഭീരമായെന്നും അഭിപ്രായപ്പെട്ടു. അതിരപ്പിള്ളിയില്‍ അവര്‍ക്കായി ഒരുക്കിയ ഡിന്നറിന്റെ രുചിയെ പുകഴ്ത്താനും മറന്നില്ല. കാട്ടാനകള്‍ തനതുപരിസ്ഥിതിയില്‍ വിഹരിക്കുന്ന കാഴ്ച അവര്‍ക്ക് ഇതാദ്യമായിരുന്നു. നിരവധി ആനകളാണ് പകല്‍ സമയങ്ങളിലും പ്രദേശത്തുണ്ടായത്. സ്വദേശികളുമടക്കം നിരവധി സഞ്ചാരികളാണ് വ്യാഴാഴ്ച അതിരപ്പിള്ളിയിലെത്തിയത്.
പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളച്ചാട്ടം ശോഷിച്ചിരുന്നു. സഞ്ചാരികളെ ഇത് നിരാശരാക്കി. ഇതിനിടെയാണ് പുഴയോരങ്ങളിലും പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം എത്തിയത്. സുരക്ഷിതമായി കാട്ടാനകൂട്ടത്തെ കാണാനായതോടെ സഞ്ചാരികള്‍ക്കും സന്തോഷം. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കാണ് അതിരപ്പിള്ളിയില്‍ അനുഭവപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates