തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയിൽ പിടിച്ചു കിടക്കുകയായിരുന്നു.
അർച്ചനേന്ദ്രയും ഭർത്താവ് അസിം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്നു നോക്കിയാൽ വെള്ളം നേരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആർ ദിനേശ്, എസ്‍യു അരുൺ എന്നിവർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷ് ഷെയ്ഖ് എന്നിവർ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates