തൃശൂര്‍: 'റൈസ് പുള്ളര്‍' ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്.
കഴിഞ്ഞദിവസം കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിനുള്ളില്‍ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത് 'റൈസ് പുള്ളര്‍' നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറിന് ഫോണ്‍കോള്‍ വന്നത്. ഡ്രൈവര്‍ അപകട സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കാറില്‍ 4 പേരുണ്ടായിരുന്നു. യുവാവിന്റെ ശരീരം റോഡില്‍ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. യുവാവിനെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍, കൂടെ വരാന്‍ ആംബുലന്‍സ് ഡ്രൈവര്‍ സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു. കാറില്‍ വരാമെന്ന് സംഘം പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഘം എത്തിയിരുന്നില്ല. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അരുണ്‍ മരിച്ചതായി മനസ്സിലായി. അരുണിന്റെ ദേഹത്തുടനീളം മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു.
അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മര്‍ദനമേറ്റ നിലയില്‍ പിന്നീട് പൊലീസ് കണ്ടെത്തി. ശശാങ്കനാണ് മര്‍ദനവിവരം പൊലീസിനോട് പറഞ്ഞത്. ഐസ് ഫാക്ടറി ഉടമ സാദ്ദിഖുമായി അരുണിന് സാമ്പത്തിക ഇടപാടുണ്ടെന്നുള്ള വിവരം ശശാങ്കന്‍ പൊലീസിനെ അറിയിച്ചു. റൈസ് പുള്ളറിനായി 10 ലക്ഷംരൂപ ഐസ് ഫാക്ടറി ഉടമ നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നല്‍കിയില്ല. രണ്ടു ദിവസം മുന്‍പ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സാദ്ദിഖ് തൃശൂരിലേക്ക് വിളിച്ചു വരുത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ ഭാഗത്ത് കാണാമെന്നായിരുന്നു ധാരണ. സ്ഥലത്തെത്തിയ അരുണിനെയും സുഹൃത്തിനെയും ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കാറിലാക്കി കയ്പ്പമംഗലം ഭാഗത്തെത്തിച്ചശേഷം ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. സാദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates