മലപ്പുറം: സാമൂഹിക മാധ്യമത്തിലെ തത്സമയ സംപ്രേഷണത്തിനിടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബറായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കെ മുഹമ്മദി (മമ്മു)വിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി നല്‍കിയ പരാതിയിലാണ് നടപടി. വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ കൂട്ടാളിയാണ് മമ്മു.
ഗായകന്‍ ഹനാന്‍ ഷായെക്കുറിച്ച് തത്സമയ സംപ്രേഷണത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയായ പരാതിക്കാരിയെ മമ്മു അപമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതേ യുവതി നല്‍കിയ മറ്റൊരു പരാതിയില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെയും മഞ്ചേരി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഹനാന്‍ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ പിന്‍വലിച്ചിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് പൊലീസിന്റെ നീക്കം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയശേഷമാണ് ഒളിവില്‍ പോയത്.
അതിനിടെ, കേസിൽ അറസ്റ്റ് ഒഴിവാക്കാനായി നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതി ചെയ്തത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നിഹാദിനെതിരെ സുഹൃത്തുക്കളും പരാതിക്കാരും ഉന്നയിച്ചിട്ടുള്ളത്. ഈ പരാതികളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
യുട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവയ്ക്കുന്നതിലെ തർക്കത്തിനു പിന്നാലെ തങ്ങളെ അടിമകളെപ്പോലെ കണ്ട് അടിവസ്ത്രം വരെ കഴുകിച്ചു എന്ന വെളിപ്പെടുത്തലുമായി തൊപ്പിയുടെ സുഹൃത്തുക്കൾ രംഗത്തു വരികയായിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ തൊപ്പി യുട്യൂബ് ലൈവിലൂടെ പുറത്തുവിട്ടതോടെ മറുഭാഗം ഇയാളുടെ ലൈംഗികച്ചുവയുള്ള ശബ്ദരേഖകളും പുറത്തുവിട്ടു. തുടർന്ന് തൊപ്പിയും സംഘവും പോക്‌സോ, ലഹരി ഉപയോഗം, അശ്ലീല പ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയിലൂടെ കൗമാരക്കാരായ കുട്ടികളെ വഴിതെറ്റിക്കുന്നതായി കാണിച്ച് അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates