തൃശൂര്‍: കലോത്സവത്തില്‍ പോസ്റ്റര്‍ ഡിസൈനിങില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സിയ ഫാത്തിമയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതര രോഗം അവള്‍ക്ക് മുന്നില്‍ വെല്ലുവിളിയായി. മത്സരത്തില്‍ പങ്കെടുക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി 64 വര്‍ഷത്തെ കലോത്സവ ചരിത്രം തന്നെ തിരുത്തിയെഴുതി. അറബിക് കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം പോസ്റ്റര്‍ ഡിസൈനിങില്‍ സിയയ്ക്ക് ഓണ്‍ലൈനായി മത്സരിക്കാന്‍ അവസരമൊരുങ്ങിയത് അങ്ങനെയാണ്.
'എന്റെ ശരീരം രോഗം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഇതിന് ശമനം മരണമായാല്‍ എന്നുവരെ ഞാന്‍ ഉമ്മയോടുപറയും. എന്നാലും പ്രോഗ്രാമിന് പങ്കെടുക്കാനാണ് ആഗ്രഹം. എന്തെങ്കിലും പരിഹാരം സാറിന്റെ ഭാഗത്തുനിന്നുണ്ടാകുമോ?', ആരുടേയും ഹൃദയം തൊടുന്ന സിയയുടെ അപേക്ഷയിതായിരുന്നു. ശരീരം നുറുങ്ങുന്ന വേദനയുള്ളപ്പോഴും സിയയുടെ ആഗ്രഹം കാണാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കഴിഞ്ഞില്ല.
ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുപ്പിക്കാമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലാണ് മന്ത്രിയുടെ അനുകൂല തീരുമാനം. സാങ്കേതിക സംവിധാനം കൈറ്റ് വിക്ടേഴ്സ് ഒരുക്കും. വിധികര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനായി സിയയുടെ പ്രകടനം കാണാം. പോസ്റ്ററിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഇമെയിലായും പ്രത്യേകദൂതന്‍ വഴിയും വിധികര്‍ത്താക്കള്‍ക്കെത്തിക്കും.
കാസര്‍കോട് പടന്ന വികെപികെഎച്ച്എംഎംആര്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് എല്‍ കെ സിയ ഫാത്തിമ. ശനി പകല്‍ 11ന് സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. രക്തക്കുഴലുകളെ ബാധിക്കുന്ന 'വാസ്‌കുലൈറ്റിസ്' എന്ന രോഗമാണ് സിയയ്ക്ക്. ഉയര്‍ന്ന അളവില്‍ കീമോയും സ്റ്റിറോയ്ഡുകളും നല്‍കുന്നതിനാല്‍ ക്വാറന്റൈനിലാണ്. കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. അതിനുശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates