

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ 'പടി പൂജ' വഴിപാട് അനുവദിക്കുന്നതില്‍ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ട്.
തട്ടിപ്പ് മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്ന നിലയും വ്യാപകമാണ്. വഴിപാടുകള്‍ക്കും ചടങ്ങുകള്‍ക്കും പണം നല്‍കിയ യഥാര്‍ത്ഥ ഭക്തരുടെ പേരുകള്‍ ടിഡിബി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പടിപൂജ ബുക്ക് ചെയ്തവരില്‍ പലരും ചടങ്ങ് നടത്തിയിട്ടില്ല. ഇത്തരം സ്ലോട്ടുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം, സഹസ്രകലശം, ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, കലശാഭിഷേകം തുടങ്ങിയ വഴിപാടുകളിലും ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. തങ്ക അങ്കി ചാര്‍ത്ത്, അഷ്ടാഭിഷേകം എന്നിവയ്ക്ക് 2035 വരെയും, സഹസ്രകലശത്തിന് 2030 വരെയും സ്ലോട്ടുകള്‍ ഒഴിവില്ലെന്നിരിക്കെയാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
സന്നിധാനത്ത് മുറികള്‍ അനുവദിക്കുന്നതിലും വലിയ തോതിലുള്ള ക്രമക്കേടുകളുണ്ട്. ദേവസ്വം ഗാര്‍ഡുകളും സുരക്ഷാ ഉദ്യോഗസ്ഥരും വിഐപി ശൈലിയിലുള്ള ദര്‍ശനം സുഗമമാക്കുന്നതിന് സമ്പന്നരായ ഭക്തരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ശബരിമലയിലെ താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ആവശ്യം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി താത്കാലിക നിയമനങ്ങള്‍ ശബരിമലയില്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രീമിയം താമസസൗകര്യം, ദര്‍ശനം, പൂജാ സ്ലോട്ടുകള്‍ എന്നിവ ക്രമീകരിച്ച് ട്രാവല്‍ ഓപ്പറേറ്റര്‍മാരുടെ ഏജന്റുമാരായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിലെ ആടിയ നെയ് വില്‍പനയിലെ ക്രമക്കേടിന് സമാനമായി ക്ഷേത്രത്തിലെ പല ടെന്‍ഡര്‍ നടപടിക്രമങ്ങളിലും അഴിമതിയുണ്ടെന്ന് വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ അന്നദാനത്തെ കുറിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അന്നദാനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates