ചിത്രം: പിടിഐ 
Kerala

അതിഥി തൊഴിലാളി വിളികളിലെ 'അപകടം': കുറിപ്പ് 

കുടിയേറ്റത്തൊഴിലാളിക്ക് കൂടുതല്‍ ബഹുമാനം ലഭിക്കാന്‍ മാറ്റിവിളിക്കുന്ന അതിഥി തൊഴിലാളി എന്ന പദത്തിന് പിന്നില്‍ അപകടം ഒളിഞ്ഞുകിടക്കുന്നതായി രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുടിയേറ്റത്തൊഴിലാളിക്ക് കൂടുതല്‍ ബഹുമാനം ലഭിക്കാന്‍ മാറ്റിവിളിക്കുന്ന അതിഥി തൊഴിലാളി എന്ന പദത്തിന് പിന്നില്‍ അപകടം ഒളിഞ്ഞുകിടക്കുന്നതായി രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ്. 'നവലിബറല്‍ മുതലാളിത്തം ഇത്തരം ആകര്‍ഷക പദങ്ങള്‍ വിതറിയാണ് ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്. ഗസ്റ്റ് അധ്യാപകര്‍ എന്നത് ഒരിക്കലും സ്ഥിരപ്പെടാത്തവരും സ്ഥിരാധ്യാപകര്‍ക്കു ലഭിക്കുന്ന വേതനമുള്‍പ്പെടെ ഒരവകാശവും ലഭിക്കാത്തവരുമാണ്. രണ്ടാംതരം ജോലിക്കാര്‍ എന്ന വേര്‍തിരിവിന്റെ മോഹനപദമാണത്.'- ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

കുടിയേറ്റത്തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കുന്നതില്‍ സ്‌നേഹവും ബഹുമാനവുമുണ്ട്. ഇവിടെ അവര്‍ക്കു ലഭിക്കുന്ന പരിചരണവും മോശമല്ല. മിനിമം വേതനം ഉറപ്പു നല്‍കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എങ്കിലും ഒപ്പം നാം ഓര്‍ക്കേണ്ട ചിലതുണ്ട്.

കുടിയേറ്റക്കാര്‍ മിക്കപ്പോഴും തദ്ദേശീയരായി പരിണമിക്കാറുണ്ട്. നമുക്കറിയാവുന്ന കുടിയേറ്റക്കഥകളില്‍ അതു സാധാരണമാണ്. തിരിച്ചുപോകാന്‍ ഇടമില്ലാത്തവര്‍ ജീവിതം നല്‍കുന്നിടത്ത് വേരുകളാഴ്ത്തും. അതിഥി എന്ന വിളിയുടെ ബഹുമാനപ്പൊലിപ്പുകള്‍ അടര്‍ന്നാല്‍ ബാക്കിയാവുക തിരിച്ചു പോകേണ്ടവന്‍ എന്ന താക്കീതാണ്. ആ വേരുകള്‍ ഇവിടെ ആഴ്‌ത്തേണ്ടതില്ല എന്ന മുന്നറിയിപ്പാണ്.

നവലിബറല്‍ മുതലാളിത്തം ഇത്തരം ആകര്‍ഷക പദങ്ങള്‍ വിതറിയാണ് ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്. ഗസ്റ്റ് അധ്യാപകര്‍ എന്നത് ഒരിക്കലും സ്ഥിരപ്പെടാത്തവരും സ്ഥിരാധ്യാപകര്‍ക്കു ലഭിക്കുന്ന വേതനമുള്‍പ്പെടെ ഒരവകാശവും ലഭിക്കാത്തവരുമാണ്. രണ്ടാംതരം ജോലിക്കാര്‍ എന്ന വേര്‍തിരിവിന്റെ മോഹനപദമാണത്.

ഉദാരവത്ക്കരണം നമ്മെ എത്ര ഉദാരരാക്കുന്നു! കുടിയേറ്റ തൊഴിലാളികള്‍ എന്ന വാക്കിലുണ്ട് മുതലാളിത്ത വികസനം ഗ്രാമങ്ങളില്‍ ഏല്‍പ്പിച്ച പരിക്കുകള്‍. തകര്‍ന്ന കാര്‍ഷിക ഭൂപടം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കിതപ്പുകള്‍. ഉറ്റവരെ വിട്ടോടേണ്ടിവന്ന നിസ്സഹായത. അഭയം തരൂ എന്ന വിലാപം. ഈ ഇന്ത്യ ഞങ്ങളുടേതുമാണ് എന്ന മുദ്രാവാക്യം. അതു മറച്ചുവെയ്ക്കുന്ന ഏതു വിളിയും ചതി നിറഞ്ഞതാവും.

നമ്മുടെ മധ്യവര്‍ഗേച്ഛകള്‍ നല്ല വാക്കുകളില്‍ പുതയുകയാണ്. നവോദാരതയുടെ പുളപ്പന്‍ വാക്കുകള്‍ എപ്പോഴും അത്ര നന്നായിരിക്കില്ല. ഈ ആപത്സന്ധിയില്‍ മുറുകെ പുണരുകയും നീ എനിയ്ക്കതിഥിയെന്ന് ആശ്വസിപ്പിക്കയും ചെയ്യുന്നത് വലിയ കാര്യം. അഭിനന്ദനാര്‍ഹം. അതു പക്ഷെ ഉദാര മുതലാളിത്തത്തിന്റെ ദാനപദമാകുമ്പോള്‍ വിളിയ്ക്കാന്‍ അറയ്ക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണ് നിറയാതെ എങ്ങനെ ഉള്ളി അരിയാം

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

SCROLL FOR NEXT