ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ (84) അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കേസില്‍പ്പെടുമ്പോള്‍ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടര്‍ന്ന് കോട്ടയത്ത് പതിനൊന്നു മാസം അനസൂയ ഒളിവില്‍ കഴിഞ്ഞു.
സമരത്തില്‍ പങ്കെടുക്കാന്‍ പോയ വളണ്ടിയേഴ്‌സിന് അലക് ചെത്തിമിനുക്കി കുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്പ് വീട്ടിലായിരുന്നു. ഇതോടെയാണ് അനസൂയയെും കേസില്‍ പ്രതി ചേര്‍ത്തത്. രാജഭരണത്തിനെതിരായ കലാപത്തില്‍ സഹായം നല്‍കിയെന്നാരോപിച്ചായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്.
അഞ്ചു വയസു തികയും മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ. യോഗം തുടങ്ങും മുമ്പുള്ള അനസൂയയുടെ ഗാനാലാപനമായിരുന്നു അന്ന് പ്രധാന സവിശേഷത. പാട്ടു കേട്ടാണ് യോഗത്തില്‍ ആളു കൂടുക. ക്രമേണ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായി. പി കൃഷ്ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തില്‍ അന്ത്യാഭിവാദ്യ ഗാനം പാടിയതും അനസൂയയായിരുന്നു.
തിരുവിതാംകൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപം നല്‍കിയ 'കലാകേന്ദ്ര'ത്തില്‍ അനസൂയ സജീവമായി.രാമന്‍കുട്ടി ആശാന്‍, സുദന്‍ ആശാന്‍, ശാരംഗ'പാണി, പി.കെ മേദിനി, ബേബി, ചെല്ലമ്മ, വിജയന്‍ എന്നിവരോടൊപ്പം പടപ്പാട്ടുകള്‍ പാടി. പുന്നപ്രവയലാര്‍ സമരഭടനായിരുന്ന പരേതനായ കൃഷ്ണനാണ് ഭര്‍ത്താവ്. എട്ടുമക്കളുണ്ട്.
അനസൂയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനസൂയയുടെ വിപ്ലവകരമായ ജീവിതം കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും ആവേശമുളവാക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates