തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റ് ദീപ മോഹനും തമ്മിലുളള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്. കോടതിയില്‍ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരായ കേസ് ദീപ മോഹന്‍ പിന്‍വലിച്ചു.കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസിന് മൊഴി നല്‍കി. മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ചതിന് ബാര്‍ അസോസിയേഷന്‍ മാപ്പു പറഞ്ഞതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ച് കൊണ്ടുളള ദീപ മോഹന്റെ നടപടി.മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടര്‍ന്ന്, മജിസ്‌ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകര്‍ പിന്‍വലിച്ചിരുന്നു. മജിസ്‌ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ദീപ മോഹന്റെ ജോലി തടസപ്പെടുത്തുകയും പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ മാപ്പ് പറഞ്ഞത്.
മാപ്പ് പറഞ്ഞ് ബാര്‍ അസോസിയേഷന്‍ സെഷന്‍സ് ജഡ്ജിക്ക് കത്തും നല്‍കിയിരുന്നു. മജിസ്‌ട്രേറ്റ് ദീപമോഹനെ ഫോണില്‍ വിളിച്ചും ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താക്കുറിപ്പും അസോസിയേഷന്‍ ഇറക്കി. മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ കേസെടുത്തതോടെയാണ് മാപ്പ് പറച്ചില്‍.
സംഭവവുമായി ബന്ധപ്പെട്ട് 12 അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ പരാതിയില്‍ ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെപി ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ ജയപ്രകാശ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മജിസ്‌ട്രേറ്റിനെ തടഞ്ഞു, ജോലി തടസപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങള്‍.
അഭിഭാഷകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹനന്‍ അന്നു തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു (സിജെഎം) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിജെഎമ്മിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
2015 ലെ വാഹനാപകടക്കേസ് പ്രതിക്കു ജാമ്യം റദ്ദാക്കിയതാണ് ചില അഭിഭാഷകരെ പ്രകോപിപ്പിച്ചത്. അഭിഭാഷകര്‍ പ്രതിഷേധിക്കുകയും കോടതി മുറിയും മജിസ്‌ട്രേറ്റിന്റെ ചേംബറും പൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ചിലര്‍ മുദ്രാവാക്യം വിളിച്ചു. പിന്നീടു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates