ചെന്നൈ : ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോണ്ടിച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചതായി വ്യക്തമാക്കി അമല പോള്‍ വ്യാജമായി വാടകചീട്ട് ഉണ്ടാക്കിയതായാണ് തെളിഞ്ഞത്. മാതൃഭൂമി ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അമല പോളിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് മറുപടിയായി അഭിഭാഷകന്‍ മുഖേന ഹാജരാക്കിയ രേഖകളിലാണ് വ്യാജരേഖ ചമച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അമലപോളിന്റെ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ ഓഗസ്റ്റ് ഒമ്പതിനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് ഒരാഴ്ച മുമ്പ് ഓഗസ്റ്റ് ഒന്നിന് പോണ്ടിച്ചേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു എന്നു തെളിയിക്കുന്ന രേഖകളാണ് മോട്ടോര്‍ വാഹന വകുപ്പിന് ഹാജരാക്കിയത്.
സെന്റ് തെരേസാസ് റോഡ്, വിലസപ്പേട്ട് പുതുച്ചേരി എന്ന വിലാസമാണ് രേഖകളിലുള്ളത്. പോണ്ടിച്ചേരിയിലെ ഒരുഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് നടി കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യം നടിയെ നേരിട്ട് അറിയില്ലെന്ന് അറിയിച്ച വിദ്യാര്‍ത്ഥി, നടി വാടകയ്ക്ക് താമസിച്ചിരുന്നു എന്ന തരത്തില്‍ വാടകചീട്ട് തരപ്പെടുത്തിയിരുന്നതായി പിന്നീട് വെളിപ്പെടുത്തിയിരുന്നു. വളരെ ചെറിയ ഈ വീട്ടില്‍ നടി താമസിച്ചിട്ടില്ലെന്നാണ് അധികൃതരും നിഗമനത്തിലെത്തിയത്.
തുടര്‍ന്ന് അമല പോളിന്റെ വിശദീകരണം തള്ളിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഒരാഴ്ചയ്ക്കകം കൃത്യമായ മറുപടി നല്‍കുകയോ, നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്താം തീയതിയ്ക്കകം നികുതി അടച്ചില്ലെങ്കില്‍ നടിയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 14 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അതേസമയം താന്‍ ഇന്ത്യന്‍ പൗരയാണെന്നും, രാജ്യത്തെവിടെയും ജോലിചെയ്യാനും സ്വത്ത് വാങ്ങാനും സ്വാതന്ത്ര്യം ഉണ്ടെന്നും കാണിച്ച് അമലപോള്‍ നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അമലപോളിനെ കൂടാതെ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരും ഇത്തരത്തില്‍ നികുതി വെട്ടിച്ചതായി കണ്ടെത്തുകയും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ അറിയിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates