Kerala

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി'; കെവിന്‍ വധത്തില്‍ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുമായി പ്രോസിക്യൂഷന്‍

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി' എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷി വിസ്താരത്തിന് ഇടയില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

കെവിനെ കൊല്ലാം എന്ന് പറഞ്ഞ് കേസിലെ ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. 'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി' എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ് കോടതിയില്‍ മൊഴി നല്‍കി. 

സന്തോഷിന്റെ അയല്‍വാസിയായ സോയി വര്‍ക്കിയുടെ വീട്ടിലായിരുന്നു കെവിനെ വധിച്ചതിന് ശേഷം സാനു ചാക്കോ ഒളിവില്‍ കഴിഞ്ഞത്. ഇവിടെ നിന്നാണ് സാനു പൊലീസ് കസ്റ്റഡിയിലാവുന്നത്. സാനുവിനെ അറസ്റ്റ് ചെയ്യുന്ന സമയം കണ്ടെടുത്ത സാനുവിന്റെ ഫോണില്‍ ഈ സന്ദേശം ഉണ്ടായിരുന്നതായും പൊലീസ് ഇത് കാണിച്ചതായും സന്തോഷ് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ഈ മൊബൈലിന് ഒപ്പം രണ്ട് പേഴ്‌സുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തു. ഇവ അയല്‍വാസിയായ സന്തോഷിനെ കാണിച്ച് ബോധ്യപ്പെടുത്തി പൊലീസ് ഇയാളെ മഹസറില്‍ സാക്ഷിയാക്കിയിരുന്നു. സാനു ചാക്കോയേയും, പൊലീസ് അന്ന് കണ്ടെടുത്ത തൊണ്ടി മുതലുകളും സന്തോഷ് തിരിച്ചറിഞ്ഞു. സന്തോഷിനെ കൂടാതെ, കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ 4 പ്രതികള്‍ കുമളിയില്‍ താമസിച്ച ഹോം സ്‌റ്റേയുടെ നടത്തിപ്പുകാരനേയും വിസ്തരിച്ചു. 

വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നീ പ്രതികളെ ഹോം സ്‌റ്റേ നടത്തിപ്പുകാരനായ ജിനദേവ് തിരിച്ചറിഞ്ഞു. കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോകുമ്പോള്‍ കേസിലെ രണ്ടാം പ്രതിയായ നിയാസ് മോനെ കണ്ടതായുള്ള മൊഴിയില്‍ മന്നാനം സ്വദേശി എം.ടി.സനീഷ് ഉറച്ചു നിന്നു. സാക്ഷി വിസ്താരത്തിന്റെ അടുത്ത ഘട്ടം മെയ് 13ന് ആരംഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്