കൊച്ചി: സ്‌കൂള്‍, കോളജ് അസംബ്ലികളില്‍ ഇനി മുതല്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പിണറായി.
പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍ കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഭരണഘടനാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്‌സിറ്റി കോളെജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവിലാണ് ഇക്കാര്യം പറഞ്ഞത്.
കോളെജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി നേതാക്കളുടെ ഈ ആവശ്യത്തിന് പ്രസക്തിയുണ്ട്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കലാലയങ്ങളില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്റേണല്‍ മാര്‍ക്ക് തന്നെ ഒഴിവാക്കാന്‍ ഉദ്ദേശമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഇല്ലാത്ത വിധം യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ യഥാസമയം നടത്തുന്നതിന് നടപടി ആയിട്ടുണ്ട്. കാമ്പസുകള്‍ ലഹരി മുക്തമാക്കുന്നതിന് കൂട്ടായ പരിശ്രമം വേണം. ഇതിന് വിദ്യാര്‍ഥി യൂണിയനുകളുടെയും പി.ടി.എകളുടെയും ശക്തമായ പിന്തുണ ആവശ്യമാണ്.
പാരിസ്ഥിതിക വിഷയങ്ങള്‍, ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, നൂതന കൃഷി രീതികള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പാഠ്യപദ്ധതികളില്‍ സ്‌കൂള്‍ തലം മുതല്‍ മതിയായ പ്രാധാന്യം നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നു. മാലിന്യ മുക്തമായ പരിസരം സൃഷ്ടിക്കുന്നതിന് വീടുകളില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള പാഠങ്ങള്‍ പഠിക്കണം. കൃഷി ലാഭകരമല്ലെന്ന ധാരണ തിരുത്തുന്നതിന് ആധുനിക രീതിയിലുള്ള കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ജലസ്രോതസ്സുകള്‍ വൃത്തിയായി സംരക്ഷിക്കുകയും മഴവെള്ളം ശേഖരിക്കുന്നതിനായി മഴക്കുഴികളും സംഭരണികളും സ്ഥാപിക്കുകയും കിണറുകളിലേക്ക് വെള്ളം ആഴ്ന്നിറങ്ങാന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ജനകീയ ദുരന്ത നിവാരണ സേനയില്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ അവസരം നല്‍കും. ഓരോ 100 പേര്‍ക്കും ഒരാള്‍ എന്ന രീതിയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന വളണ്ടിയര്‍ ടീമില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. എന്‍.സി.സി, എന്‍.എസ്.എസ്, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വിമുക്ത ഭടന്മാര്‍ തുടങ്ങിയവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ രണ്ടാം സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. നവകേരള നിര്‍മ്മിതി സംബന്ധമായ വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ എന്ന മെയിലിലേക്ക് അയക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates