Kerala

ആ അപകടം എങ്ങനെയുണ്ടായി ?;  ചാര കാര്‍ ആരുടേത് ?; കാറിനും ഡ്രൈവര്‍ക്കും പിന്നാലെ പൊലീസ്

കാറിനെയും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. രേഖാചിത്രം തയാറാക്കുന്ന നടപടികളും ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനെന്ന് കരുതുന്ന ചാരനിറത്തിലുള്ള കാറിനെയും ഡ്രൈവറിനെയും തേടി മ്യൂസിയം പൊലീസ്. കാറിനെയും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. രേഖാചിത്രം തയാറാക്കുന്ന നടപടികളും ആരംഭിച്ചു. ആര്‍ടി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇതേ മോഡല്‍ കാറുകളുടെ വിവരവും പൊലീസ് ശേഖരിക്കുകയാണ്.

വെള്ളയമ്പലം-ശാസ്തമംഗലം റോഡില്‍ ഡിസംബര്‍ 29 ന് രാത്രി ഒന്‍പതിനു നടന്ന അപകടത്തില്‍ നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോളജിലെ നാലാം വര്‍ഷ നിയമവിദ്യാര്‍ഥി ആദിത്യ ബി മനോജ് (22), ഊബര്‍ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുല്‍ റഹീം (44) എന്നിവരാണു മരിച്ചത്. ആദിത്യ ബൈക്കില്‍നിന്ന് തെറിച്ചുവീണും അബ്ദുല്‍ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തില്‍പ്പെട്ടത്.

ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ആദിത്യയുടെ ബൈക്കിനു മുന്നില്‍നിന്ന് ലഭിച്ച രക്തസാംപിളുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ കാര്‍ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങള്‍ ഇല്ല. റോഡിന് എതിര്‍വശത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുത്തശേഷം അബ്ദുല്‍ റഹീം സുഹൃത്തിനോടൊപ്പം റോഡ് മുറിച്ചു കടക്കാന്‍ വരുന്നതും ദൃശ്യങ്ങളില്‍ അവ്യക്തമായി കാണാം. സുഹൃത്ത് ആദ്യം റോഡ് മുറിച്ചു കടക്കുമ്പോള്‍ അബ്ദുല്‍ റഹീം മീഡിയനില്‍ നില്‍ക്കുന്നു.

ഒരു കാര്‍ കടന്നുപോയശേഷം അബ്ദുല്‍ റഹീം റോഡിന്റെ മറുവശത്തേക്കു പോകുന്നു. തൊട്ടുപിന്നാലെ പൊലീസ് സംശയിക്കുന്ന കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കില്‍ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്താണു അബ്ദുല്‍ റഹീമും അപകടത്തില്‍പെട്ടത്. പക്ഷേ, അപകടം എങ്ങനെ സംഭവിച്ചു എന്നത് ദൃശ്യങ്ങളിലില്ല.

ബൈക്ക് വീണ് അഞ്ച് സെക്കന്‍ഡുകള്‍ക്കുശേഷം കാര്‍ പതുക്കെ മുന്നോട്ടുവരുന്നതും റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ നടന്നു വന്നു പരിസരം നീരീക്ഷിച്ച ശേഷം മടങ്ങിപോകുന്നുണ്ട്.  തിരക്കേറിയ റോഡായിട്ടും ദൃക്‌സാക്ഷികളില്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. പെട്ടെന്ന് ഒച്ചകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ബൈക്ക് റോഡില്‍ കിടക്കുന്നത് കണ്ടെന്നാണു സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT