മലപ്പുറം : മൂന്നു വര്‍ഷം മുമ്പ് മരിച്ച സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അവയവ മാഫിയയുടെ ഇടപെടല്‍ ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി. ജോസഫ് മോഡല്‍ കൊലപാതകമാണെന്ന് ആരോപിച്ചാണ് മരിച്ച നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലം ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ സന്ദര്‍ശിക്കും. മരിച്ച നജീബുദ്ദീന്റെ പിതാവ് ഉസ്മാനോടും ഇവിടേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തില്‍ തൃശൂര്‍ ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ്(16) എന്നിവര്‍ മരിച്ച സംഭവമാണ് വീണ്ടും അന്വേഷിക്കുന്നത്. 2016 നവംബര്‍ 20ന് രാത്രി വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്ന ഫുട്‌ബോള്‍ മത്സരം കാണാനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്നത്. അപകട സമയത്തു ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെ, മകന്റെ മരണം 'ജോസഫ്' ചലച്ചിത്രം മോഡലില്‍ അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാണ് നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ ആരോപിക്കുന്നത്.
പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷന് മുമ്പിലായിരുന്നു അപകടം. തുടര്‍ന്ന് ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ വാഹിദ് ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പേ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നജീബുദ്ദീന്‍ മൂന്നാം ദിവസമാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടമെന്ന കണ്ടെത്തലോടെ പെരുമ്പടപ്പ് പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ മകന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഉസ്മാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണ് ഉസ്മാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉള്‍പ്പെടെ നജീബുദ്ദീനിന്റെ ശരീരത്തില്‍ എട്ട് ഇടങ്ങളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ഇസ്മാന്റെ ആരോപണം. മരിച്ച വാഹിദിന്റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകള്‍ ഉണ്ടായിരുന്നെന്നും ഉസ്മാന്‍ ആരോപിക്കുന്നു.
അപകടത്തിനുശേഷം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച നജീബുദ്ദീനിന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും എന്നാല്‍ മരുന്നുകളോട് പ്രതികരിക്കുന്നതിനാല്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ഉസ്മാന്‍ പറയുന്നു. തുടര്‍ന്നു ചികിത്സയുടെ ഒരു ഘട്ടത്തിലും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായെന്നും കേസില്‍ നിന്നു പിന്‍മാറാന്‍ ഭീഷണിയുണ്ടെന്നും ഉസ്മാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
മകന്റെ മരണം സംബന്ധിച്ചു രണ്ടുവര്‍ഷം കൊണ്ട് ശേഖരിച്ച രേഖകളും ചിത്രങ്ങളും തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് നജീബുദ്ദീന്റെ പിതാവ് ഉസ്മാന്‍ മരണത്തിന് പിന്നിലെ നിഗൂഡത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യമുന്നയിക്കുന്നത്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ഉസ്മാന്‍ നല്‍കിയ ഉന്നയിച്ച പരാതിയിലെ പ്രധാന വിവരങ്ങള്‍ ഇതാണ്. അപകടത്തില്‍ പരുക്കേറ്റ നജീബുദ്ദീനിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നത് സംബന്ധിച്ച് ഈ രണ്ട് ആശുപത്രികളിലും രേഖകളില്ല. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരെ സംബന്ധിച്ച് അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികള്‍ക്കും അറിവില്ല.
അപകടത്തിന് തൊട്ടുപിന്നാലെ എടുത്ത ചിത്രങ്ങളില്‍ കുട്ടിയുടെ മുഖത്ത് മാത്രമാണ് കാര്യമായ മുറിവുണ്ടായിരുന്നത്. എന്നാല്‍ മരണശേഷമെടുത്ത ചിത്രത്തില്‍ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയത് പോലുള്ള മുറിവുകളുണ്ട്. പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ചിത്രം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ചിത്രങ്ങള്‍ കാണാനില്ലെന്ന മറുപടിയാണ് പെരുമ്പടപ്പ് പൊലീസില്‍ നിന്നു ലഭിച്ചത്. നജീബുദ്ദീനിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചോ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചോ രക്ഷിതാവായ തന്നെ ഒന്നും അറിയിച്ചില്ല. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും സൗകര്യം ഉണ്ടായിരിക്കെ പോസ്റ്റ്‌മോര്‍ട്ടം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മതിയെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചുവെന്നും ഉസ്മാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates