തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നുമുളള സിപിഐ നേതാവ് സി ദിവാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. 'ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.' - വി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ.' - ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായ വി എസ് കുറിച്ചു.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നായിരുന്നു സി ദിവാകരന്റെ വിമര്‍ശനം. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്ന് താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു എന്നും തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ദിവാകരന്‍ ആഞ്ഞടിച്ചു. വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.
ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates