തിരുവനന്തപുരം: കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ കഥ മോഷ്ടിക്കപ്പെട്ടതാണെന്ന് ആരോപണം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഒലിവര്‍ പബ്ലിക്കേഷന്‍സിന്റെ എഡിറ്റര്‍ വിഎസ് ജയകുമാറാണ് ആദിയുടെ സംവിധായകന്‍ ജിത്തു ജോസഫിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ തന്റെ കഥയാണ് മോഷ്ടിക്കപ്പെട്ടതെന്നും വിഎസ് ജയകുമാര്‍ ആരോപിച്ചു.
'എന്റെ വീക്കന്‍ഡ് പാര്‍ട്ടി' എന്ന പേരില്‍ പബ്ലിഷ് ചെയ്ത കഥ 2013ല്‍ 'ഇന്റര്‍വെല്‍' എന്ന പേരില്‍ റീപബ്ലിഷ് ചെയ്തിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ജാപ്പനീസ് സംവിധായകന്‍ റോയ്ത്ത നകാനോയാണ് ജയകുമാറിന്റെ പുസ്തകം റീപബ്ലിഷ് ചെയ്തത്. 'ഫെസ്റ്റിവലിന്റെ ഭാഗമായ പ്രോജക്റ്റ് സ്പീച്ച് എന്ന പരിപാടിയില്‍ ഈ കഥ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മേളയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമിയില്‍ നിന്നാണ് ജിത്തു ജോസഫിന് ഈ കഥ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു'- ജയകുമാര്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
ജയകുമാര്‍ അക്കാഥമിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 'ഞാന്‍ ഈ വിഷയത്തില്‍ ജിത്തു ജോസഫിനെതിരെ കോടതിയെ സമീപിക്കും. പക്ഷേ സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല' - അദ്ദേഹം പറഞ്ഞു.
രചനാ മോഷണവുമായി ബന്ധപ്പെട്ട് ജിത്തു ജോസഫിനെതിരെ ഉയരുന്ന രണ്ടാമത്തെ പരാതിയാണിത്. ഇദ്ദേഹത്തിന്റെ ദൃശ്യം എന്ന ചിത്രവും കഥാമോഷണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates