'എനിക്കല്ല ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കൂ'...നിലയ്ക്കാതെയുള്ള ഫോൺവിളികളുടെ അങ്ങേതലയ്ക്കൽ നിന്നുള്ള സഹായ വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ നൗഷാദിന് പറയാനുള്ളത് ഇതാണ്. പ്രളയ ദുരുതത്തിനിടയിൽ കേരളം അത്ഭുതത്തോടെ നോക്കികണ്ട ഈ മനുഷ്യൻ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുമ്പോഴും നൗഷാദിനെ അടുത്തറിയുന്നവർക്കൊന്നും തെല്ലും അത്ഭുതമില്ല. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് വിചാരിച്ചതേയില്ലെന്ന് നൗഷാദും പറയുന്നു.
‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന് ചോദിച്ച് മുന്നേ നടന്ന നൗഷാദ് സ്നേഹം കൊണ്ട് ചാക്കുനിറയ്ക്കുന്ന ദൃശ്യങ്ങളാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. 'എന്റെ പെരുന്നാൾ ഇങ്ങനെയാണ്' എന്ന അയാളുടെ വാക്കുകൾ പിന്നെ കേരളം ഏറ്റെടുക്കുകയായിരുന്നു.
വൈപ്പിൻ മാലിപ്പുറത്തെ പനച്ചിക്കൽ വീട്ടിൽ ഇന്നലെ പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും നൗഷാദിനുള്ള സ്നേഹാശംസകളുടെ പ്രവാഹമായിരുന്നു. അമേരിക്കയിലും കാനഡയിലും നിന്നുതുടങ്ങി ഇറ്റലി, ഓസ്ട്രേലിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുവരെ വിളികളെത്തി. മമ്മൂട്ടിയും ജയസൂര്യയുമടക്കം നൗഷാദിനെ അഭിനന്ദനമറിയിച്ചു.
ബ്രോഡ് വേയിൽ വഴിയോരക്കച്ചവടക്കാരനായ നൗഷാദ് ഇവിടെയുള്ളവർക്കിടയിൽ കൊച്ചി നൗഷാദാണ്. ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള നൗഷാദിന് ഒൻപത് വർഷത്തോളം സൗദിയിലായിരുന്നു ജോലി. അവിടെ പഴം-പച്ചക്കറിക്കടയിലായിരുന്നു ജോലിചെയ്തിരുന്നത്.
സൗദിയിൽ സ്വദേശിവത്കരണം വന്നതോടെ ജോലി പോയി നാട്ടിൽ തിരിച്ചെത്തിയ നൗഷാദ് കച്ചവടത്തിലേക്ക് തിരിഞ്ഞു. അഞ്ച് വർഷമേ ആയൊള്ളു സ്വന്തമായി കച്ചവടം തുടങ്ങിയിട്ട്. പല സ്ഥലങ്ങളിൽ നിന്ന് തുണിത്തരങ്ങൾ കൊണ്ടുവന്ന് സഹോദരങ്ങളായ നജീബ്, സലാം എന്നിവർ വഴിയാണ് കച്ചവടം നടത്തുന്നത്. ഭാര്യ നിസയും മക്കൾ ഫർസാനയും ഫഹദും എന്ത് കാര്യത്തിനും ഒപ്പമുണ്ട്.
"എനിക്കിതിലൊന്നും വല്ല്യ പ്രത്യേകയൊന്നും തോന്നുന്നില്ല, ചെറുപ്പം മുതല്‍ ഞങ്ങള്‍ വാപ്പാനെ ഇങ്ങനെ തന്നെയാണ് കാണുന്നത്", എന്നാണ് മകൾ ഫർസാന പറയുന്നത്. അഡ്വാൻസ് തുക മാത്രം നൽകി ഒരു ബന്ധു നൽകിയ വീട്ടിലാണ് നൗഷാദും കുടുംബവും താമസിക്കുന്നത്. 'അവരെന്നെ സഹായിച്ചതാണ് അപ്പോൾ ഞാനും ആരെയെങ്കിലും സഹായിക്കണ്ടേ?', അഭിനന്ദനങ്ങൾ കേൾക്കുമ്പോൾ നൗഷാദ് പറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates