കണ്ണൂര്‍ : ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ എല്ലാത്തിനേയും പരിഹസിക്കല്‍ അല്ലെന്ന് കെ. മുരളീധരന്‍ എംപി. മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമല്ല. മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മുരളീധരന്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തെ സൂചിപ്പിച്ചായിരുന്നു മുരളീധരന്റെ പരാമര്‍ശം. വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ വധശ്രമക്കേസ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
ന്യൂനപക്ഷ സംരക്ഷണം പറയുന്ന സിപിഎം നോമ്പുതുറ കഴിഞ്ഞ് വരുന്ന നസീറിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നസീറിനെതിരായ ആക്രമണം നിയമസഭയില്‍ അടിയന്തരപ്രമേയമായി വന്നപ്പോള്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഷംസീര്‍ ആരോപണത്തിന് നിയമസഭയില്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നതായി കെ മുരളീധരന്‍ പറഞ്ഞു.
നസീര്‍ വധക്കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഷംസീര്‍ നിയമസഭയില്‍ മറുപടി നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ മുന്നേറിയിരുന്നെങ്കില്‍ ഇന്ന് അധികാരസ്ഥാനത്ത് പലരും ഉണ്ടാകുമായിരുന്നില്ല. വിമതരെ കൊല്ലുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണെമന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സിഒടി നസീര്‍ വധശ്രമക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുള്ളത്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ഉപവാസ സമരം നടത്തുന്നത്. മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ സമരത്തിന് ശേഷം കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ പ്രതിഷേധ സമരമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates