കാക്കനാട്: പൊതു ശ്മശാനങ്ങളിലേക്ക് റീത്തുമായി വരുന്ന നടപടി തടയാന്‍ നഗരസഭയ്ക്ക് താലൂക്ക് വികസന സമിതിയുടെ നിര്‍ദേശം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് റീത്തുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുന്നത്. വിവിധ ശ്മശാനങ്ങളില്‍ പുനരുദ്ധാരണവും വികസനവും തുടങ്ങുന്നതായും അധികൃതര്‍ അറിയിച്ചു.
പിടി തോമസ് എംഎല്‍എ, കണയന്നൂര്‍ തഹസില്‍ദാര്‍ പിആര്‍ രാധിക തുടങ്ങിയവര്‍ ഉള്‍പ്പെട്ട നേതൃത്വത്തിലുള്ള സംഘം ശ്മശാനങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം നിര്‍ദേശം നല്‍കുകയായിരുന്നു. താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരമാണ് സംഘം രവിപുരം, പുല്ലേപ്പടി, പച്ചാളം, ഇടപ്പള്ളി ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. ശ്മശാനങ്ങളുടെ കൈവശമുളള സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. രവിപുരം ശ്മശാനത്തില്‍ 18 ലക്ഷം രൂപയുടെ വികസനമാണ് അധികൃതര്‍ തുടങ്ങിയത്. മൃതദേഹം വയ്ക്കുന്ന സ്ഥലവും കെട്ടിടവും വിറക്പുരയും പുതുക്കി പണിയാനും ശ്മശാനവളപ്പ് പുല്ല് പിടിപ്പിച്ച് മോടികൂട്ടാനും ഈ തുക വിനിയോഗിക്കും.
പുല്ലേപ്പടി ശ്മശാനത്തില്‍ 98 ലക്ഷം രൂപയുടെ വികസനമാണ് പദ്ധതിയിട്ടിരിക്കുന്നത്. ചുറ്റുമതില്‍ നിര്‍മ്മാണം, വൈദ്യുതി, ജലവിതരണം കാര്യക്ഷമമാക്കല്‍, ശുചിമുറി നിര്‍മ്മാണം, കുട്ടികള്‍ക്ക് കളിസ്ഥലവും ലൈബ്രറിയും തുടങ്ങിയവ ഇതോടനുബന്ധിച്ച് നടപ്പിലാക്കും. പച്ചാളത്ത് അഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവിടെ ശ്മശാനത്തിനോട് ചേര്‍ന്ന് ലൈസന്‍സില്ലാതെ പ്രവരക്#ത്തിക്കുന്ന കടകള്‍ മാറ്റാനും അനുശോചനയോഗം ചേരാന്‍ സൗകര്യമൊരുക്കാനും തീരുമാനമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates