Kerala

'ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്'; മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

ആരെങ്കിലും ക്ഷണിച്ചാല്‍ പോലും പ്രോട്ടോക്കോള്‍ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേടും വില കുറഞ്ഞ രാഷ്ട്രീയ അഭ്യാസവുമാണെന്ന നിലപാടാണ് എനിക്കുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരു കള്ളവാറ്റുകാരന്റെയും ഡയറിയില്‍ എന്റെ പേരില്ലെന്ന  കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ജോലി രാജിവെച്ച്  താങ്കള്‍ നടത്തിയത് പൊതു പ്രവര്‍ത്തനമായിരുന്നില്ലെന്നും വര്‍ഗീയ പ്രചാരണമായിരുന്നെന്നും കടകംപള്ളി പറഞ്ഞു.

ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിപ്പിച്ചതിന് മുസ്‌ളീംലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ടെന്ന കടകംപള്ളി കുറിപ്പില്‍ പറയുന്നു.

വട്ടിയൂര്‍ക്കാവില്‍ തന്നെ വെട്ടി സ്ഥാനാര്‍ഥി ആയ ബി ജെ പി ജില്ലാ പ്രസിഡന്റിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിന് വോട്ട് നല്‍കാന്‍ താങ്കള്‍ നീക്കം നടത്തുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണ്. അത് എന്റെ ആരോപണമായി ഞാന്‍ ഉന്നയിക്കാത്തത് വഴിയില്‍ കേള്‍ക്കുന്നത് വിളിച്ചു പറയുന്ന ശീലം എനിക്കില്ലാത്തത് കൊണ്ടാണ്. തര്‍ക്കത്തിന് സമയക്കുറവുണ്ട്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം അങ്ങയ്ക്കുള്ള നല്ല മറുപടിയാകുമെന്ന്് സുരേന്ദ്രന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം


ശ്രീ. കുമ്മനം രാജശേഖരന്‍ ഉന്നയിച്ച വാസ്തവ വിരുദ്ധമായ ആരോപണത്തിന് മറുപടി പറഞ്ഞപ്പോള്‍ പരിഹാസം കടന്നുവന്നതിന് പരസ്യമായി തന്നെ ഞാന്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, താങ്കള്‍ എനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം അംഗീകരിച്ചുകൊണ്ടല്ല അത്.  താങ്കള്‍ മനസിലാക്കാന്‍ കുറച്ച് കാര്യങ്ങള്‍ ഉണ്ട്.

അങ്ങ് ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് എനിക്കറിയാം. ഈ ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവര്‍ത്തനത്തിന് അല്ല വര്‍ഗ്ഗീയ പ്രചാരണത്തിനാണ് താങ്കള്‍ തുടക്കമിട്ടത്. രണ്ടും രണ്ടാണ്. അതേസമയം വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ കുട്ടികള്‍ക്ക് ക്‌ളാസെടുത്ത് തുടങ്ങിയതാണ് ഞാന്‍. പിന്നീട് ഒരു ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്ന ഞാന്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുകയായിരുന്നു.

ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കലാപത്തിന്റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിപ്പിച്ചതിന് മുസ്‌ളീംലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ട.

കുമ്മനം പഴയ ചില പരിപാടികളെ കുറിച്ച് പരാമര്‍ശിച്ച് കണ്ടു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മിത്രാനന്ദപുരം കുളം ഒന്നരക്കോടി രൂപ ചെലവില്‍ നവീകരിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആണ്. ആ വേദിയില്‍ എന്തെങ്കിലും പ്രസക്തി താങ്കള്‍ക്ക് ഉണ്ടായിരുന്നില്ല. കൊച്ചി മെട്രോയെ കുറിച്ച് വീണ്ടും പറഞ്ഞത് കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമായിരുന്നു താങ്കളന്ന്. അവിടെ ആരെങ്കിലും ക്ഷണിച്ചാല്‍ പോലും പ്രോട്ടോക്കോള്‍ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേടും വില കുറഞ്ഞ രാഷ്ട്രീയ അഭ്യാസവുമാണെന്ന നിലപാടാണ് എനിക്കുള്ളത്. ഒരുദാഹരണം പറയാം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കയറി ഇരിക്കാറുണ്ടോ? ഔചിത്യ ബോധം എന്ന ഒന്നുണ്ട്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും പങ്കാളിയല്ലാത്ത, ജനപ്രതിനിധിയുമല്ലാത്ത ഒരാള്‍ അത്തരമൊരു പരിപാടിയില്‍ കയറി ഇരിക്കുന്നതിനെ ആണ് ഞാന്‍ വിമര്‍ശിച്ചത്. അങ്ങയുടെ ആ കാട്ടായത്തിന് കുമ്മനടി എന്ന പ്രയോഗം വന്നു ചേര്‍ന്നത് എന്റെ തെറ്റല്ല. പക്ഷേ, കഴിഞ്ഞ പോസ്റ്റില്‍ കുമ്മനടി എന്ന് ഞാന്‍ ഉപയോഗിച്ചത് ശരിയായില്ല. അതില്‍ ഖേദം പ്രകടിപ്പിച്ചത് ആത്മാര്‍ത്ഥമായാണ്.

ഞാന്‍ മാസപ്പടി വാങ്ങിയെന്ന മട്ടില്‍ അതിസമര്‍ത്ഥമായി പരോക്ഷ ആരോപണം ഉന്നയിച്ചത് കണ്ടു. വിജിലന്‍സ് പ്രത്യേക കോടതി ഒരു തെളിവും ഇല്ലെന്ന് കണ്ട് എന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേസ് തന്നെയാണ് അങ്ങ് കുബുദ്ധിയോടെ വീണ്ടും വലിച്ചിട്ടത്. ആ കേസില്‍ ഞാന്‍ കുറ്റക്കാരന്‍ ആയിരുന്നെങ്കില്‍ ഇന്ന് ജനങ്ങള്‍ നല്‍കിയ മന്ത്രി കസേരയില്‍ എനിക്ക് ഇരിക്കാനാകുമായിരുന്നില്ല. ആ കേസില്‍ ഞാന്‍ കുറ്റക്കാരനല്ലെന്ന് ജനകീയ കോടതിയും വിധിച്ചതാണ്. തെറ്റുകാര്‍ക്ക് എതിരെ പദവി നോക്കാതെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. ആ വിഷയത്തില്‍ എനിക്കൊരു പങ്കുമില്ല. പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതാണ്. പാര്‍ട്ടി എന്നെ താക്കീത് ചെയ്യുക പോലും ചെയ്തിട്ടില്ലെന്നത് അറിയാതെയാകും പഴകി തേഞ്ഞ ആരോപണം ആക്ഷേപിക്കാന്‍ താങ്കള്‍ ഉപയോഗിച്ചത്. അത് പിന്‍വലിക്കാനുള്ള ധാര്‍മ്മികത അങ്ങ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

കുമ്മനം രാജശേഖരന്‍ പരാജയഭീതിയില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് ഞാന്‍ ആരോപിച്ചിട്ടില്ല. താങ്കള്‍ മത്സരിച്ചിരുന്നെങ്കിലും പ്രശാന്തിനോട് പരാജയപ്പെടും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പരാജയഭീതിയില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന കഥ പ്രചരിക്കുന്നതിനിടയില്‍ എന്നാണ് ഞാന്‍ പറഞ്ഞത്. എല്ലാത്തിനും മറുപടി പറഞ്ഞപ്പോള്‍ താങ്കളെ സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്നും വെട്ടിമാറ്റി എന്നതിനെ കുറിച്ച് മൗനം പാലിച്ചതെന്തേ?

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ മാത്രമല്ല, മറ്റുപല ക്ഷേത്രങ്ങളിലും പോവുകയും അവിടത്തെ മര്യാദകള്‍ പാലിച്ച് കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. ഗുരുവായൂരില്‍ കൈ കൂപ്പിയതിന്റെ പേരില്‍ എന്നെ ആരും പാര്‍ട്ടിയില്‍ വിലക്കിയിട്ടില്ല.

നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു പഴക്കം താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും തന്നെയാണ്. സഹകരണ ബാങ്കില്‍ എനിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നും അത് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നുമുള്ള ഉണ്ടായില്ലാ വെടി ഉന്നയിച്ചത് താങ്കളുടെ പാര്‍ട്ടിക്കാരന്‍ തന്നെയാണല്ലോ. അതിന്റെ സത്യാവസ്ഥ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാകാം ഇപ്പോഴത് മിണ്ടാത്തത്?

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് കൊടുത്തത് താങ്കളുടെ സംഘടനയില്‍പെട്ട സ്ത്രീകള്‍ ആണെന്ന് ലോകം അറിഞ്ഞതാണ്. പ്രേരണാകുമാരി അടക്കമുള്ളവരുടെ ബിജെപി ബന്ധം തുറന്നുപറയാന്‍ ആര്‍ജവം ഇല്ലാത്തത് എന്തുകൊണ്ടാണ് ? ശബരിമല വിഷയത്തില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമന്ന് പറഞ്ഞു വോട്ട് പിടിച്ച നിങ്ങള്‍ പിന്നീട് അതേകുറിച്ച് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ? നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ഞാന്‍.

വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രശാന്തിനെ മാറ്റി എന്റെ ബന്ധുവിനെ മേയറാക്കാന്‍ പോകുന്നു എന്നുള്ള വിലകുറഞ്ഞ ആരോപണം താങ്കള്‍ ഉപയോഗിച്ചു. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് ജയിക്കും. അപ്പോള്‍ പുതിയ മേയര്‍ ഉണ്ടാവും. പുതിയ മേയറെ തീരുമാനിക്കുന്നത് ഞാനോ എന്റെ കുടുംബമോ അല്ല, ഞങ്ങളുടെ പാര്‍ട്ടിയാണ്. കഴക്കൂട്ടത്ത് മാത്രമല്ല കേരളത്തിലെ 140 സീറ്റുകളില്‍ ഒന്നില്‍ പോലും അവകാശവാദം ഉന്നയിക്കുന്നവരുടെ പാര്‍ട്ടിയല്ല ഞങ്ങളുടേത്.

എല്ലാക്കാലവും മന്ത്രിയും ജനപ്രതിനിധിയും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എം എല്‍ എ ആയിരുന്നിട്ടും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്ന് ഏറെക്കാലം പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തം ആണ് ഞാന്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടുള്ളത്.

വട്ടിയൂര്‍ക്കാവില്‍ തന്നെ വെട്ടി സ്ഥാനാര്‍ഥി ആയ ബി ജെ പി ജില്ലാ പ്രസിഡന്റിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിന് വോട്ട് നല്‍കാന്‍ താങ്കള്‍ നീക്കം നടത്തുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണ്. അത് എന്റെ ആരോപണമായി ഞാന്‍ ഉന്നയിക്കാത്തത് വഴിയില്‍ കേള്‍ക്കുന്നത് വിളിച്ചു പറയുന്ന ശീലം എനിക്കില്ലാത്തത് കൊണ്ടാണ്. തര്‍ക്കത്തിന് സമയക്കുറവുണ്ട്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം അങ്ങയ്ക്കുള്ള നല്ല മറുപടിയാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT