മൂന്നാര്‍: ചില്ലറത്തുട്ടുകളേക്കാള്‍ മകന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ആ കാശുകുടുക്ക കൈമാറുമ്പോള്‍ ആ അമ്മ മനസ്സ് പിടഞ്ഞു. എന്നാല്‍ വയനാട്ടിലെയും മലപ്പുറത്തെയും പ്രളയദുരിതത്തില്‍ കുട്ടികള്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോള്‍ മകന്‍ സൂക്ഷിച്ച പണം ഇതിനുവേണ്ടിയല്ലെങ്കില്‍ പിന്നെന്തിനെന്ന് അവര്‍ ചിന്തിച്ചു. അങ്ങനെയാണ് അമ്മയും സഹോദരനും നിധി പോലെ കാത്തുസൂക്ഷിച്ച കാശുകുടുക്കകള്‍ പ്രളയദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നവര്‍ക്ക് കൈമാറിയത്.
രക്താര്‍ബുദം ബാധിച്ച് 2010ല്‍ മരിച്ച അജയ് രാജന്റെ (ജസ്വിന്‍10) കാശുകുടുക്കയാണ് അമ്മ ഡോളി 'അന്‍പോടെ മൂന്നാര്‍' എന്ന പേരില്‍ വയനാട് പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന പരിപാടിയില്‍ കൈമാറിയത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ., ദേവികുളം സബ് ജഡ്ജ് അന്യാസ് തയ്യില്‍, മജിസ്‌ട്രേറ്റ് സി ഉബൈദുള്ള എന്നിവരാണ് ഡോളിയില്‍ നിന്നും കുടുക്ക ഏറ്റുവാങ്ങിയത്.
എം ജി റോഡിലെ കുരിശടിക്കു സമീപം ഗണേജ്ഭവനില്‍ രാജന്റെയും ഡോളിയുടെയും ഇളയമകനായ അജയിന് 2008ലാണ് രക്താര്‍ബുദം കണ്ടെത്തിയത്. അസുഖത്തിന്റെ വേദനകള്‍ക്കിടയിലും തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റ് കുട്ടികളെപ്പറ്റിയാണ് അജയ് ആലോചിച്ചത്. അവരെ സഹായിക്കാനായി ആശുപത്രിക്കിടക്കയില്‍ വെച്ച് കാശുകുടുക്കയില്‍ ചില്ലറത്തുട്ടുകളിട്ട് തുടങ്ങി. അച്ഛന്‍ നല്‍കുന്ന പണവും തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ നല്‍കുന്ന പണവും അവന്‍ അതില്‍ നിക്ഷേപിച്ചു.
രണ്ട് കുടുക്കകള്‍ നിറഞ്ഞപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അജയ് മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ അജയിന്റെ മരണശേഷവും, ആ കാശുകുടുക്കകള്‍ അമ്മ ഡോളിയും ചേട്ടന്‍ വിജയ് രാജനും നിധിപോലെ സൂക്ഷിച്ചുവരികയായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് കുട്ടികള്‍ അനുഭവിക്കുന്ന ദയനീയ വാര്‍ത്തകള്‍ കണ്ടപ്പോഴാണ്, അജയിന്റെ ആഗ്രഹപ്രകാരം അവരെ സഹായിക്കാനായി അവന്‍ സ്വരുക്കൂട്ടിയ പണം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒരു കുടുക്കയിലെ പണം എണ്ണുകപോലും ചെയ്യാതെയാണ് കൈമാറിയത്. രണ്ടാം കുടുക്കയും അര്‍ഹരായവര്‍ക്ക് നല്‍കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates