തിരുവനന്തപുരം: സഹകരണവകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീട്  പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. കയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിര്‍വഹിച്ചത്. അതേവീടിന്  താക്കോല്‍ കൈമാറിയ ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാറിന്റെ നടപടി അങ്ങേയറ്റം അപഹാസ്യകരമാണെന്ന് കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
ഭാവി ദീര്‍ഘവീക്ഷണത്തിലൂടെ കണ്ട് കഥയെഴുതാന്‍! നല്ല എഴുത്തുകാര്‍ക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോള്‍ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് എല്ലാം 'പ്രധാനമന്ത്രി' 'യോജന' എന്നീ വാക്കുകള്‍ ചേര്‍ത്ത് പുതിയ പേരിട്ടു ക്രെഡിറ്റ് അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സില്‍ കണ്ടാകും ബഷീര്‍ ആ കഥാപാത്രത്തെ നിര്‍മിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ശ്രീമതി ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് ആണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് നിര്‍മിച്ചതാണ് ഈ വീട്. കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിച്ച 1169ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോല്‍ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിര്‍വഹിച്ചത്.
സഹകരണ വകുപ്പ് നിര്‍മിച്ചു താക്കോല്‍ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാര്‍ പിന്നെയും പോയി താക്കോല്‍ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുവാനും പത്രത്തില്‍ വാര്‍ത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates