Kerala

ഉദയംപേരൂര്‍ നീതു വധക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍ 

കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതിയായ ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുവിന്റെ മരണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് പ്രതിയായ ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുവിന്റെ മരണം.  ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതുവിനെ മുന്‍ കാമുകനായ ബിനുരാജ് വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ 18 നായിരുന്നു സംഭവം. 

നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. ഇതര മതത്തില്‍പ്പെട്ട ആളെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പ്രണയിക്കുന്നതു വീട്ടുകാര്‍ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു.പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ തയാറാണെന്നും ഇവര്‍ ഉദയംപേരൂര്‍ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പിരിയുകയായിരുന്നു. 

അന്നു വീട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിന് വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേര്‍ന്നെങ്കിലും താല്‍പര്യമില്ലാതെ പഠനം നിര്‍ത്തി. സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. 

2014 ഡിസംബര്‍ 18 ന് ബാബുവും പുഷ്പയും ജോലിക്കു പോയ ശേഷം വീട്ടില്‍ തനിച്ചായിരുന്ന നീതുവിനെ കൊടുവാളുമായെത്തിയ ബിനുരാജ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാവിലെ എട്ടുമണിയോടെ വീടിന്റെ ടെറസില്‍ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണ് അക്രമം. നീതുവിന്റെ കരച്ചില്‍ കേട്ട അയല്‍വാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്ത്തുന്നതു കണ്ടത്. തുടര്‍ന്ന് പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകള്‍ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോള്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ചിരുന്നു. ഇതിന് ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്തു നീതുവെന്ന് പേരിട്ട് വളര്‍ത്തിയത്. ബാബു-പുഷ്പ ദമ്പതികള്‍ക്ക് നിബു, നോബി എന്നീ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT