തിരുവനന്തപുരം : മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം രംഗത്ത്. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിഷ്‌കാരം അശാസ്ത്രീയമാണ്. ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കും. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ജനത്തിന്റെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം. ഇതിനായി നിലവിലെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. കേന്ദ്രനിയമത്തിനെതിരെ എന്തു ചെയ്യാന്‍ പറ്റുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേന്ദ്രനിയമത്തിന് അകത്തുനിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ പറ്റുകയുള്ളൂ. ഇത്തരത്തില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നത് അപകടങ്ങള്‍ കുറയ്ക്കാനാകണം. ഇതിന് സഹായകമായ ഇടപെടല്‍ നടത്തുന്നതിന് പകരം വലിയ തോതില്‍ പിഴ ഈടാക്കുന്നത് ശരിയല്ല. ഇതുമൂലം സംഭവിക്കുന്നത് നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താന്‍ അവസരം ഒരുങ്ങുമെന്നതാണ്.
നിയമലംഘനത്തിന് 20,000 രൂപ പിഴ ഈടാക്കാം എന്നു കണ്ടാല്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ പിടിക്കപ്പെടുന്ന ആളുമായി അവസാനം കരാറുണ്ടാക്കി 5000 രൂപ കൊടുത്ത് രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകാനിടയുണ്ട്. ഇതോടെ ഈ പണം സര്‍ക്കാരിന് കിട്ടില്ലെന്ന് മാത്രമല്ല, അഴിമതിക്ക് ഒരു പഴുതു കൂടി ലഭിക്കുകയാണ് ചെയ്യുന്നത്.
എല്ലാവശങ്ങളും പരിശോധിച്ചുകൊണ്ട് ആവശ്യമായ മാറ്റം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തണം. ഇതിന് ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഇടപെടണം. എന്ത് ചെയ്യാന്‍ പറ്റുമെന്ന് നിയമവശം പരിശോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പരിശോധന നടത്തേണ്ടതുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates