ഒരുമാസം നീണ്ട ഗൂഢാലോചനയ്‌ക്കൊടുവിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് മുഖ്യ പ്രതി അഖില്‍. വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി ഭീഷണി മുഴക്കിയതോടെയാണ് സഹോദരന്‍ രാഹുലിനും സുഹൃത്ത് ആദര്‍ശിനുമൊപ്പം കൊലപാതകം ആസൂത്രണം ചെയ്തത്. തന്നെ കൊന്നു കളഞ്ഞാലും ഈ ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് രാഖി പറഞ്ഞപ്പോഴാണ് കൊല നടത്തിയതെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു.
നീണ്ട നാളായി പ്രണയത്തിലായിരുന്ന ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് മാസങ്ങളോളം ഒന്നിച്ചു താമസിച്ചിരുന്നു. എന്നാല്‍ അതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. താന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും രാഖിയോട് അഖില്‍ പറഞ്ഞു. എന്നാല്‍ അതിന് രാഖി തയാറായില്ല. അഖിലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച് രാഖി ബന്ധപ്പെട്ടിരുന്നു. കൂടാതെ പെണ്‍കുട്ടി പഠിക്കുന്ന കൊളേജില്‍ നേരിട്ട് എത്തി കാണാനും ശ്രമിച്ചു. ഇതോടെയാണ് രാഖിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഒരു മാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു പദ്ധതി തയാറാക്കിയത്.
രാഖിയെ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. ഇയാള്‍ക്കൊപ്പം കാത്തുനിന്നിരുന്ന ആദര്‍ശ് ഇരു ചക്രവാഹനത്തില്‍ മടങ്ങി. കുംമ്പിച്ചല്‍ എന്ന ഭാഗത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീടു രാഹുലാണു കാര്‍ ഓടിച്ചത്.
രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖില്‍ ജ്യേഷ്ഠനോടു പറഞ്ഞു. 'എങ്കില്‍ പിന്നെ കൊന്നോട്ടെ' എന്ന ചോദ്യത്തിനു 'കൊന്നോളാന്‍' രാഖി മറുപടി നല്‍കുകയായിരുന്നു. മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.
കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, 'കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി' എന്നായിരുന്നു അഖിലിന്റെ മറുപടി. തുടര്‍ന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാന്‍ ജ്യേഷ്ഠനും അനുജനും ചേര്‍ന്നു സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നും പൊലീസിനോട് പറഞ്ഞു.
രാഖിയുടെ ശരീരത്തിലിടാന്‍ പ്രദേശത്തെ ഒരു കടയിലുണ്ടായിരുന്നു മുഴുവന്‍ ഉപ്പു പായ്ക്കറ്റുകളും ഇവര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. മൃതദേഹം കുഴിയിലിട്ട് മൂടിയ ശേഷം കുളിച്ചുവന്ന അഖില്‍ രാഹുലിനേയും ആദര്‍ശിനേയും കൊല നടത്തിയ കാറില്‍ തന്നെ തമ്പാനൂരില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇവര്‍ ദീര്‍ഘദൂര ബസില്‍ ഗുരുവായൂര്‍ക്ക് പോയി. രാഖിയുടെ വസ്ത്രങ്ങള്‍ തമ്പാനൂര്‍ക്ക് വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിലും ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിക്കുകയായിരുന്നു.
അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലയ്ക്ക് ഉപയോഗിച്ച കയർ കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാനലക്ഷ്യം. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന അഖിലിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates