തിരുവനന്തപുരം: ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ രൂക്ഷമായ കേരളത്തിലെ എന്‍സിപി പിളര്‍പ്പിന്റെ വക്കില്‍. ദേശീയാധ്യക്ഷന്‍ ശരത് പവാര്‍ കേരള സന്ദര്‍ശനം ഒഴിവാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശരത് പവാര്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്ന കേരള ഘടകം ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
സംസ്ഥാന അദ്ധ്യക്ഷനായ ഉഴവൂര്‍ വിജയനെ മാറ്റണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി-മാണി.സി.കാപ്പന്‍ പക്ഷം നാളുകളായി രംഗത്തുണ്ട്. ഇപ്പോള്‍ സംഘടനയില്‍ ആഭ്യന്തര കലഹം സകല മറകളും നീക്കി പുറത്തുവന്നിരിക്കുകയാണ്. 7 ന് ശരത് പവാര്‍ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷനായ ഉഴവൂര്‍ വിജയനെ നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് തോമസ് ചാണ്ടി-മാണി.സി.കാപ്പന്‍ പക്ഷം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ താനെത്തില്ല എന്നാണ് പവാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സി.കെ. ഗോവിന്ദന്‍ നായര്‍, എ.സി. ഷണ്‍മുഖദാസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ 27 ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് പവാര്‍ വരാനിരുന്നത്. അന്ന് സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരുണ്ടാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍.
പവാര്‍ വന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഉഴവൂര്‍ വിജയനെ പിന്തുണയ്ക്കുന്നവര്‍.പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനാണ് ആലോചന.പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍, സ്വാഭാവികമായും ഇടതുമുന്നണി തോമസ് ചാണ്ടിയില്‍ നിന്ന് മന്ത്രിസ്ഥാനം തിരിച്ചുപിടിക്കുമെന്ന ഗുണവും ഉഴവൂര്‍ വിഭാഗം മുന്നില്‍ കാണുന്നുണ്ട്.
ഡല്‍ഹിയില്‍ ജൂണ്‍ പത്തിന് നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ നേതാക്കള്‍ തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍, ഉഴവൂര്‍ വിജയനെ പ്രസിഡന്റു സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശരത് പവാറിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഇരു വിഭാഗവും ജില്ലകളില്‍ നിന്നുള്ള പരമാവധി ഭാരവാഹികളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളിലാണ്. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തോമസ് ചാണ്ടി വിഭാഗം ഉറപ്പിക്കുന്നുണ്ട്.
എന്‍സിപിയിലെ പ്രതിസന്ധി സിപിഎമ്മും ഇടതു മുന്നണിയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ്. എന്നാല്‍ ഇതുവരേയും സിപിഎം വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മന്ത്രി സ്ഥാനം ചര്‍ച്ചയാകുന്ന അവസരത്തില്‍ സിപിഎം ഇടപെട്ടേക്കും എന്നും ഇടതുമുന്നണി ക്യാമ്പുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates