കല്‍പ്പറ്റ: വയനാട്ടില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസ പരാമര്‍ശത്തിനെതിരെ ഷഹല ഷെറിന്റെ ഇളയമ്മ. അത്യന്തം വേദനയോടെ പറയട്ടെ എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അത് എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല. അവള്‍ ആര്‍ക്കും ആരുമല്ലാതിരിക്കാം, ഏതോ ഒരു കുട്ടിയുമായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനായിരുന്നു അവള്‍. അവളില്ലാത്ത ഞങ്ങളുടെ രണ്ടു വീടുകളും ശ്മശാനമൂകമാണെന്ന് ഫസ്‌ന ഫാത്തിമ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും സര്‍ക്കാറിന്റെ ശ്രദ്ധ പതിഞ്ഞു. മാളങ്ങള്‍ അടച്ചതായും ഫസനയുടെ കുറിപ്പില്‍ പറയുന്നു. 'ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,' കെ പി എ മജീദ് പറഞ്ഞു. വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ചായിരുന്നു മജീദിന്റെ പരാമര്‍ശം
ഫസ്‌ന ഫാത്തിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഷഹല മോള്‍ എനിക്ക് സ്വന്തം ചോര മാത്രമല്ല, എന്റെ സ്വന്തം മോളാണ്. എനിക്ക് ശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് ആദ്യമായി വന്ന പൊന്നു മോള്‍. ഞങ്ങളുടെ ലോകമായിരുന്നു അവള്‍. ലേബര്‍ റൂമിനു മുന്നില്‍ വെച്ച് ഉമ്മച്ചിയുടെ കൈയില്‍ നിന്ന് അവളെ ആദ്യമായി എടുത്തപ്പോള്‍, അവളുടെ കുഞ്ഞിക്കാല്‍ തൊട്ടപ്പോള്‍ അനുഭവിച്ചിരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവള്‍ക്ക് കുഞ്ഞുടുപ്പ് വാങ്ങാനും കളിപ്പാട്ടങ്ങള്‍ തിരയാനുമായിരുന്നു എന്റെ അധിക സമയവും ചെലവിട്ടിരുന്നത്. ഓരോ കളിപ്പാട്ടം കിട്ടുമ്പോഴും അവളുടെ മുഖത്ത് കണ്ടിരുന്ന ആഹ്ലാദം അത് ഒന്നു വേറെ തന്നെയായിരുന്നു. മറ്റു കുട്ടികളെ പോലെയല്ല അവള്‍. അനുകമ്പ കൂടുതലുള്ള കുട്ടിയായിരുന്നു. ആരോടും പിണക്കമില്ല. ആരോടും പരിഭവവുമില്ല. എപ്പോഴും ചിരിച്ചു കൊണ്ട് കുറുമ്പുകാട്ടി നടക്കുന്നവള്‍. കറുത്തിട്ടായതിന് പലരും അവളെ കളിയാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ പറഞ്ഞു കൊടുത്ത വാക്കുകളാണ് അവള്‍ ഏറ്റു പറഞ്ഞിരുന്നത് 'കറുപ്പിലല്ല, പഠനത്തിലാണ് കാര്യം'. അതെ, അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. നല്ല നര്‍ത്തകിയുമായിരുന്നു. അവളിലെ നര്‍ത്തകിയെ കണ്ട് കൈതപ്രം മാഷിന്റെ നൃത്ത വിദ്യാലയത്തില്‍ ചേര്‍ക്കാനിരുന്നതാണ്.
അവളുടെ ബാപ്പ അസീസ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായതിനാല്‍ തിരുവനന്തപുരത്തായിരുന്നു കുറേ കാലം. ആ സമയത്ത് അവളുടെ ഉമ്മ സജ്‌ന ആയിഷ കോഴിക്കോട്ട് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. പെട്ടെന്ന് ഷഹ്‌ലയുടെ സ്‌കൂള്‍ മാറ്റം സാധ്യമല്ല. അമീഗയാണെങ്കില്‍ കുഞ്ഞിപ്പെണ്ണും. ജില്ല വിട്ട് പുറത്തു പോകാതിരുന്ന ഞാന്‍ ഷഹലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. വല്യുമ്മയുടെ അടുത്ത് നിന്ന് സ്‌കൂളില്‍ പോയിരുന്ന അവളെ വെള്ളിയാഴ്ച ഞാനാണ് കോഴിക്കോട്ടെത്തിക്കുന്നത്. അങ്ങനെ ജില്ല വിട്ടുള്ള എന്റെ ആദ്യ യാത്രകള്‍ക്ക് പങ്കാളിയായത് അവള്‍. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയതു പോലെയായിരുന്നു. രണ്ടാളും ശരിക്ക് ആസ്വദിച്ചിരുന്നു ആ യാത്രകള്‍. ബത്തേരി വില്‍ടണ്‍ ഹോട്ടലിലെ ഫിഷ് ബിരിയാണി, തിരിച്ച് കോഴിക്കോടെത്തിയാല്‍ സംസം ഹോട്ടലിലെ ഫലൂദ, എസ്.എം.സ്ട്രീറ്റിലൂടെ നടത്തം, ബീച്ച്, പാര്‍ക്ക് എന്നുവേണ്ട ഞങ്ങള്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. അമീഗ വലുതായപ്പോള്‍ അവളും ഞങ്ങള്‍ക്കൊപ്പം കൂടി. ഞാന്‍ പോകുന്ന എല്ലാ സ്ഥലത്തും അവരുമുണ്ടാകും. സത്യം പറഞ്ഞാല്‍ എന്നെ അനുകരിക്കലാണ് അവളുടെ രീതി. ഞാന്‍ ചുവന്ന പ്ലേറ്റെടുത്താല്‍ അവള്‍ക്കും ചുവന്ന പ്ലേറ്റ് വേണം. ഞാന്‍ മീനാണ് കഴിക്കുന്നതെങ്കില്‍ അവള്‍ക്കും മീന്‍ വേണം. ഇടക്കൊക്കെ അവളുടെ ഉമ്മ അവളോട് ചോദിക്കും നിനക്ക് ഉമ്മയെയാണോ പച്ചനയെയാണോ ഏറ്റവും ഇഷ്ടം അതിന് അവള്‍ക്ക് ഒറ്റ മറുപടിയേ ഉള്ളൂ പച്ചന. അതിന് അവള്‍ പറയാറുള്ള കാരണം പച്ചന ഞങ്ങളെ തല്ലാറില്ല, ദേഷ്യം പിടിക്കാറുമില്ല പറയുന്നതൊക്കെ വാങ്ങിത്തരും പറയുന്നതിടത്തൊക്കെ കൊണ്ടുപോകും.
അവള്‍ക്ക് പാമ്പ് കടിയേറ്റു എന്നു ഇത്താത്ത വിളിച്ചു പറയുമ്പോള്‍ ശരീരം തളരുന്നതു പോലെയായിരുന്നു. കോഴിക്കോട്ടേക്ക് കൊണ്ടുവരികയല്ലേ മികച്ച ചികിത്സ നല്‍കാമെന്ന് ലൈലയും കിരണേട്ടനും പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചുവരുമെന്നു തന്നെയാണ് വിശ്വസിച്ചത്. പക്ഷേ വന്നത് മരിച്ചുവെന്ന വാര്‍ത്തയാണ്. അവസാനമായി അവളെ ഒന്നെടുക്കാന്‍ സാധിച്ചില്ല. പേടിക്കണ്ട മോളെ, ഒന്നും സംഭവിക്കില്ലയെന്നു പറയാന്‍ സാധിച്ചില്ല. കരിനീല വിഷം അവളുടെ ശരീരത്തെ പൊതിയുമ്പോള്‍ എന്റെ മോള്‍ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും.
മൂന്നര മണിക്കൂര്‍ ശ്വാസമടക്കി പിടിച്ചാണ് വയനാടെത്തിയത്. ഞാനെത്തുമ്പോള്‍ ചന്ദ്രികയിലെ മുസ്തഫക്കയും ശംസുക്കയും വയനാട് പ്രസ് ക്ലബ്ബ് സെക്രട്ടറി നിസാമും വീട്ടിലെത്തിയിട്ടുണ്ട്. പാമ്പിന്‍ വിഷം ശരീരമാകെ ഇരച്ചുകയറിയിട്ടും ചിരിച്ച മുഖത്തോടെയായിരുന്നു അവള്‍ കിടന്നിരുന്നത്. ഞങ്ങള്‍ അടികൂടാറുള്ള, ഉപ്പു കയറ്റി കളിക്കാറുള്ള അതേ ഹാളില്‍ അവളെ വെള്ളപുതച്ചു കിടത്തിയപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. എന്നെ കണ്ടതും അമീഗ പറഞ്ഞ ഒരു വാക്കുണ്ട്, ഡീ... ഷഹല... നിന്റെ പച്ചന വന്നു നീ ഒന്ന് കണ്ണു തുറന്ന് നോക്ക് എന്ന്... കൂടി നിന്നവര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് മരവിപ്പ് മാത്രമായിരുന്നു. മുസ്തഫക്കയോടും നിസാമിനോടും സംസാരിച്ചപ്പോഴാണ് പാമ്പ് കടിയേറ്റത് ക്ലാസ് റൂമില്‍ നിന്നാണെന്ന് അറിയാന്‍ സാധിച്ചത്. പോസ്റ്റുമോര്‍ട്ടം നടക്കാത്തതു കൊണ്ട് വാര്‍ത്ത ചരമപേജില്‍ മതിയോ എന്നവര്‍ ചോദിച്ചു. പാടില്ല, ഇത് ലോകം അറിയേണ്ട വിഷയമല്ലേയെന്ന് ഞാന്‍ ചോദിച്ചു. ഇത് ഫസ്റ്റ് പേജില്‍ പോകേണ്ട വാര്‍ത്തയാണ്. പോയേ മതിയാകൂ... കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരാണെന്ന് കരുതിയാണ് ഓരോ മാതാപിതാക്കളും സ്‌കൂളിലേക്ക് വിടുന്നത്. അവളെയും അങ്ങനെ തന്നെയാണ് അന്ന് അവളുടെ ഉമ്മയും സ്‌കൂളിലേക്ക് വിട്ടത്. പക്ഷേ ഷഹല തിരിച്ചുവന്നില്ല. അതുകൊണ്ട് ഈ വാര്‍ത്ത ലോകം അറിയണം. അവള്‍ക്ക് സംഭവിച്ചത് ഇനിയൊരിക്കലും ഒരു കുട്ടിക്കും സംഭവിക്കരുത്. മാധ്യമലോകം ഒന്നടങ്കം ആ വാര്‍ത്തക്കൊപ്പം നിന്നു. ഞങ്ങള്‍ക്ക് പരാതിയില്ലെന്നു പറഞ്ഞപ്പോള്‍ അവളുടെ സഹപാഠികള്‍ അവള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി. സ്‌കൂളിലെ അവസ്ഥകള്‍ പുറത്തുവന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും സര്‍ക്കാറിന്റെ ശ്രദ്ധ പതിഞ്ഞു. മാളങ്ങള്‍ അടച്ചു.
അവള്‍ക്ക് സംഭവിച്ചതു പോലെ ഇനിയൊരു ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ വയനാടിനൊരു മെഡിക്കല്‍ കോളജ് എന്ന ആവശ്യവുമായി ഇപ്പോഴും മുന്നോട്ടുപോകുന്നു.
പക്ഷേ, അത്യന്തം വേദനയോടെ പറയട്ടെ എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അത് എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല. അവള്‍ ആര്‍ക്കും ആരുമല്ലാതിരിക്കാം, ഏതോ ഒരു കുട്ടിയുമായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനായിരുന്നു അവള്‍. അവളില്ലാത്ത ഞങ്ങളുടെ രണ്ടു വീടുകളും ശ്മശാനമൂകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates