Kerala

'ഭര്‍ത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിര്‍ത്തിത്തരുമോ ?' ; ആ അമ്മ കരഞ്ഞുചോദിച്ചു, കുറിപ്പ്

എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ കഴിയാതെ തിരുവനന്തപുരത്ത് അമ്മ തന്റെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി . എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മദ്യപാനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരുപാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായില്‍ ആ 'അത്ഭുതങ്ങള്‍' ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. ഭരണത്തില്‍ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണെന്ന് കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല.

കുട്ടികളുടെ പട്ടിണിയും സ്ത്രീയുടെ ദുരിതവും മാത്രമല്ല, ഒരു സത്രീക്ക് പ്രസവം നിര്‍ത്താനുള്ള സമ്പൂര്‍ണ്ണാവകാശം കേരളം പോലൊരു സംസ്ഥാനത്തില്ലെന്ന കാര്യം കൂടി സമൂഹമധ്യത്തിലേക്ക് ഉയര്‍ത്തിക്കാട്ടുകയാണ് ശാദരക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.'ഭര്‍ത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിര്‍ത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. 'എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല' എന്നാണത്രേ ആ 24 കാരി കരഞ്ഞുപറഞ്ഞത്. ഭര്‍ത്താവിന്റെ ഒപ്പു വേണം പ്രസവം നിര്‍ത്താന്‍.

എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മള്‍ ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാകണം ടീച്ചര്‍.

മദ്യപാനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരുപാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായില്‍ ആ 'അത്ഭുതങ്ങള്‍' ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികളാവിഷ്‌കരിക്കണം. ഭരണത്തില്‍ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്.

കവികള്‍ ധര്‍മ്മശാസ്ത്രക്കുറിമാനങ്ങള്‍ തെല്ലിട നിര്‍ത്തുക. മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങള്‍ കണ്ണീരും മുലപ്പാലും ചേര്‍ത്ത് വാര്‍ത്തകള്‍ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT