Kerala

'എല്ലാം ചെയ്തത് ശിവശങ്കര്‍ '; വിജിലന്‍സിന് ജോസിന്റെ നിര്‍ണായക മൊഴി ; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുക്കിലേക്ക്

വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിനു നല്‍കിയതിനെക്കുറിച്ച് ലൈഫ് മിഷന് ഒന്നുമറിയില്ലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണത്തിനു യൂണിടാക്കും യുഎഇ റെഡ്‌ക്രെസന്റുമായുള്ള ധാരണാപത്രം തയാറാക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് മൊഴി നല്‍കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആക്ഷേപം അന്വേഷിക്കാന്‍ നിയോഗിച്ച വിജിലന്‍സിനാണ് ജോസിന്റെ നിര്‍ണായക മൊഴി. അഞ്ചു മണിക്കൂറാണ് ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തത്. 

വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിനു നല്‍കിയതിനെക്കുറിച്ച് ലൈഫ് മിഷന് ഒന്നുമറിയില്ലായിരുന്നു. ഒപ്പിട്ടശേഷമാണു റെഡ്‌ക്രെസന്റ് ഇക്കാര്യം അറിയിച്ചത്. യൂണിടാക്കിന്റെ പദ്ധതിരേഖ വന്നശേഷമാണ് കരാര്‍ സംബന്ധമായ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയതെന്നും ജോസ് പറഞ്ഞു. ഹാബിറ്റാറ്റ് തയാറാക്കിയ രൂപരേഖയില്‍ യൂണിടാക് അടിമുടി മാറ്റംവരുത്തി. റെഡ്‌ക്രെസന്റിനെ ലൈഫ് പദ്ധതിയിലേക്കു കൊണ്ടുവന്നതു ശിവശങ്കറാണെന്നും ധാരണാപത്രം ദുബായില്‍നിന്ന് എത്തിക്കുകയായിരുന്നു എന്നും യു വി ജോസ് മൊഴി നല്‍കി.

വടക്കാഞ്ചേരി പദ്ധതിയിൽ റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിടുന്ന ദിവസമാണ് താൻ കണ്ടത്. വൈകിട്ട് അഞ്ചിന് ഒപ്പിടേണ്ട ധാരണാപത്രം ഉച്ചയ്ക്കാണ് കൈയിലെത്തിയത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്.  ധാരണാപത്രം ഒപ്പിടുന്ന ദിവസം രാവിലെയാണ്, അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്ന കുറിപ്പ്  തദ്ദേശ വകുപ്പ് സെക്രട്ടറിയായ  ടി കെ ജോസ് തനിക്ക് കൈമാറിയതെന്ന് യു വി ജോസ് പറഞ്ഞു. 

ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരം ഈ കുറിപ്പിലുണ്ടായിരുന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ ഒപ്പിടേണ്ട സ്ഥിതിയുണ്ടായി. നിയമ, തദ്ദേശവകുപ്പുകൾ സൂക്ഷ്‌മപരിശോധന നടത്തിയ കരാറിൽ അഡി.ചീഫ്സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നും യു വി ജോസ് മൊഴി നൽകി. യു.എ.ഇ കോൺസുലേറ്റ് യൂണിടാക്, സെയ്ൻ വെഞ്ചേഴ്സ് കമ്പനികളുമായുണ്ടാക്കിയ നിർമ്മാണ കരാറും താൻ അറിഞ്ഞിരുന്നില്ല. യൂണിടാക്കിന്റെ പ്ലാൻ വന്ന ശേഷമാണ് നിർമ്മാണ കരാർ അവർക്കാണെന്നറിഞ്ഞത്. സിഇഒയായ തന്നെപ്പോലും കരാർ വിവരങ്ങൾ അറിയിച്ചില്ല. യൂണിടാകിന് സഹായം നൽകാൻ ആവശ്യപ്പെട്ട് ശിവശങ്കർ വിളിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം ലൈഫ് മിഷന്‍ ഇടപാടില്‍ പ്രതിഫലിച്ചെന്നു സംശയിക്കുന്നതായും ജോസ് മൊഴി നല്‍കി.

ലൈഫ് മിഷൻ സിഇഒ യു വി ജോസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. ഇതിനായി ശിവശങ്കറിന് നോട്ടീസ് നൽകും. ലൈഫ് മിഷൻ സി.ഇ.ഒ യു വി ജോസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ ക്രമക്കേട് ആസൂത്രണം ചെയ്തത് ശിവശങ്കറാണെന്നാണ് വിജിലൻസ് കരുതുന്നത്. യു.വി.ജോസ് ലൈഫ്‌മിഷൻ സിഇഒ ആകുന്നതിന് മുൻപ് ആ പദവിയിലിരുന്ന ശിവശങ്കർ, അതീവരഹസ്യമായും തന്ത്രപരമായും നടത്തിയ ഇടപാടിൽ മറ്റ് ഉദ്യോഗസ്ഥർ പെട്ടുപോയെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വടക്കാഞ്ചേരി പദ്ധതി ഇടപാടിൽ പങ്കില്ലെന്നായിരുന്നു ഇതുവരെ സർക്കാരിന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT