തിരുവനന്തപുരം : ഓഖി ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും സംസ്ഥാനത്ത് വന്‍നാഷനഷ്ടം. സംസ്ഥാനത്താകെ ഏഴരക്കോടിയുടെ നാഷനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇടുക്കിയില്‍ നാലുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. തിരുവനന്തപുരത്ത് രണ്ടര കോടിയുടെ നഷ്ടമുണ്ടായതായും വിലയിരുത്തുന്നു. മല്‍സ്യ തൊഴിലാളി മേഖലയിലെ നാശനഷ്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 529 കുടുംബങ്ങളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ആകെ 2845 പേരെ വിവിധ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് നിന്നുമാത്രം 107 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ വാസുകി പറഞ്ഞു. തീരദേശത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോയ ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും കളക്ടര്‍ അറിയിച്ചു. തമിഴ്‌നാട് തൂത്തൂര്‍ സ്വദേശിയുടെ ബോട്ട് മുങ്ങി 10 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബോട്ടിലുള്ള തൊഴിലാളികളില്‍ മൂന്നുപേര്‍ മലയാളികളാണ്. കൊല്ലത്ത് നീണ്ടകരയില്‍ നിന്നും ആലപ്പുഴ, കൊല്ലം, കൊച്ചി തീരമേഖലകലില്‍ നിന്നുള്ള നിരവധി പേരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ണാടകയിലെ കാര്‍വാര്‍, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍ ഏതാനും ബോട്ടുകള്‍ കരയ്‌ക്കെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലക്ഷദ്വീപിലെ കല്‍പ്പേനിയ്ക്ക് അടുത്ത് കൊച്ചിയില്‍ നിന്നും പോയ ഏഴോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ കടല്‍ ക്ഷോഭിച്ചിരിക്കുന്നതും, ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ലക്ഷദ്വീപില്‍ 135 കീലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളില്‍ വന്‍ നാശനഷ്ടമാണ് വിതയ്ക്കുന്നത്. മിനിക്കോയിയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. രണ്ടു ദിവസത്തിനകം വടക്കോട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
അതേസമയം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് നാട്ടുകാരും കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. നാവികസേന സഹായിച്ചില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ ആക്ഷേപമുന്നയിക്കുന്നു. സേന എയര്‍ലിഫ്റ്റിംഗ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന തീരങ്ങലില്‍ ഭീമന്‍ തിരമാലകല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അതിനാല്‍ ആരും കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates