Kerala

കടലാക്രമണം രൂക്ഷം ; വ്യാപകനാശം ; രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ് ( ചിത്രങ്ങള്‍)

വലിയതുറ, ശംഖുമുഖം, പൂന്തുറ, താഴംപള്ളി അഞ്ചുതെങ്ങ് കോട്ട വരെയുള്ള ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം വൻ നാശം വിതച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് ദിവസമായി തുടരുന്ന തിരയടിയില്‍ തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറി. വലിയതുറ, ശംഖുമുഖം, പൂന്തുറ, താഴംപള്ളി അഞ്ചുതെങ്ങ് കോട്ട വരെയുള്ള ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം വ്യാപക നാശം വിതച്ചത്. 

കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുളിമുറി തകര്‍ന്ന് താഴംപള്ളി പുതുവല്‍ പുരയിടത്തില്‍ ഷൈനുവിന് (17) പരിക്കേറ്റു. പൂന്തുറ, ശിങ്കാരത്തോപ്പ്, തരിശുപറമ്പ് മേഖലകളില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു. കടല്‍ ക്ഷോഭത്തില്‍ തുറമുഖ വകുപ്പിന്റെ ഒരു പഴയകെട്ടിടം അടക്കം തകര്‍ന്നു വീണു. രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ്  കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

വലിയതുറയില്‍ ഇന്നലെ പാലത്തിന് സമീപം ഇരുപതിലധികം വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ വീട് വിട്ടോടി. 250 മീറ്റര്‍ ദൂരം കരയിലേക്ക് തിരമാലകളെത്തി. റോഡില്‍ മണ്ണ് അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് പലയിടത്തും വാഹനഗതാഗതവും തടസ്സപ്പെട്ടു. 

ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന്  കാരണം.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പ്രഭാവത്തില്‍ കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT