തിരുവനന്തപുരം: ഈ വർഷത്തെ വേനലിൽ സംസ്ഥാനത്ത് കോടികളുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ്. 15.81 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കുകൾ. കനത്ത ചൂടും വരൾച്ചയും തുടരുമ്പോൾ 780 ഹെക്ടറിലെ കൃഷി പാടെ നശിച്ചതായാണ് കണക്കുകൾ പറയുന്നത്.
നെല്ല്, വാഴ, തെങ്ങ് തുടങ്ങിയവയിലും കവുങ്ങ്, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നീ വിളകളിലും കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. നെൽകൃഷിയെയാണ് വരൾച്ച ഏറ്റവും രൂക്ഷമായി ബാധിച്ചത്. 14 കോടിയിലേറെ രൂപയാണ് നെൽകൃഷിയിൽ മാത്രം സംസ്ഥാനത്ത് നഷ്ടമുണ്ടായത്. 19,082 ഹെക്ടറിലെ വാഴക്കൃഷിയും പൂർണമായി നശിച്ചു. 36ലക്ഷം രൂപയുടെ പച്ചക്കറി കൃഷിയും നശിച്ചു. വിഷുവിപണി ലക്ഷ്യം വച്ച് കൃഷിചെയ്ത കർഷകർക്കാണ് തിരിച്ചടി നേരിടേണ്ടിവന്നത്.
ശമനമില്ലാതെ തുടരുന്ന ചൂട് കേര കർഷകർക്കും തിരിച്ചടിയായി. തെങ്ങുകളിൽ നിന്നു മച്ചിങ്ങ പൊഴിച്ചിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുരുമുളകും ഏലവുമടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങളിലും നഷ്ടമുണ്ടായി. വിള നഷ്ടമായ കർഷകർക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കണക്കെടുപ്പു ആരംഭിച്ചു. അടിയന്തര സഹായമായി 1.28 കോടി രൂപ നൽകാനാണു നീക്കം.
മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ഇടമഴ ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇക്കുറി അതുണ്ടായില്ല. വേനൽമഴ കിട്ടാത്തത് കൂടുതൽ നഷ്ടത്തിന് കാരണമായെന്നാണ് കണക്കാക്കുന്നത്. കാലവർഷത്തിനായി ഇനി ജൂൺ വരെ കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ. കൃഷിനാശം വിപണികളിൽ വൈകാതെ പ്രതിഫലിക്കുമെന്നും വിലവർധനയുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ചൂടു നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത സീസണിലെ വിളവിനെയും അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates