Kerala

കാമ്പസ് രാഷ്ട്രീയം സംരക്ഷിക്കാന്‍ പുതിയ നിയമം വരുന്നു

നിയമ നിര്‍മാണത്തിന് കരട് രേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശമുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ കോളേജ് രാഷ്ട്രീയം നിയമവിധേയമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നിയമവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമ നിര്‍മാണത്തിന് കരട് രേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശമുണ്ട്. 

വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കാനാണ് നിയമവകുപ്പ് ഒരുങ്ങുന്നത്. വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മൂന്നുദിവസം കൊണ്ട് ഓര്‍ഡിനന്‍സ് തയ്യാറാക്കാനാവുമെന്ന് നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ് പറഞ്ഞു.

അഞ്ച് കോളേജുകള്‍ അടിച്ചുപൊളിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഈ കേസില്‍ കോളേജുകളിലെ രാഷ്ട്രീയം അനിവാര്യമാണെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഇഎസ്, മാന്നാനം കെഇ കോളേജുകളിലെ കേസുകളില്‍ പ്രതികൂലമായി കടുത്ത പരാമര്‍ശമുണ്ടായത്. 

കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഉത്തരവ് 14വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാലും അനുകൂല ഉത്തരവുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കാമ്പസ് രാഷ്ട്രീയം നിയമവിധേയമാക്കി ജനുവരിയിലെ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം.

നിയമം പാസാക്കിയാല്‍ കലാലയ രാഷ്ട്രീയത്തെ നിയമപരമായി എതിര്‍ക്കാന്‍ കോടതിക്ക് കഴിയില്ല. കാമ്പസിലെ അക്രമവും പഠനം മുടങ്ങുന്നതും ഒഴിവാക്കി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാമെന്ന നിലപാടാണ് നിയമവകുപ്പിന്. കലാലയരാഷ്ട്രീയ നിരോധനം നടപ്പാക്കാത്തതിന് പൊലീസിനെതിരെ പൊന്നാനി എം.ഇ.എസ്, മാന്നാനം കെ.ഇ കോളേജുകളുടെ കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ ഹൈക്കോടതിയിലുള്ളത്. ഈ കേസിലെ പ്രതികൂല ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കലാലയരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് യുക്തിരഹിതമായ അഭിപ്രായപ്രകടനമാണെന്നും ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം അനിവാര്യമാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധ മാര്‍ഗങ്ങളും നിഷേധിക്കുന്നത് ജുഡിഷ്യല്‍ ആക്ടിവിസമാണെന്നും പരമമായ അധികാരം നിയമസഭയ്ക്കാണെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കലാലയ രാഷ്ട്രീയം അനിവാര്യമാണെന്നാണ് പ്രതിപക്ഷവും അഭിപ്രായപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

SCROLL FOR NEXT