മുണ്ടക്കയം: കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയും മുന്നിൽ വെച്ചായിരുന്നു സംഭവം. മുണ്ടക്കയം ബൈപാസ് റോഡിൽ, പടിവാതുക്കൽ ആദർശ് (32) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച അർധരാത്രിയിൽ കരിനിലത്തായിരുന്നു സംഭവം. കേസിൽ ആദർശിന്റെ പരിചയക്കാരൻ കരിനിലം പുതുപറമ്പിൽ ജയനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുരണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ഭാര്യ ഹണിയോടും മകൻ ആദിയോടുമൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുത്തൻചന്തയ്ക്ക് സമീപം വെച്ച് ആദർശിന്റെ വാഹനം ജയന്റെ വാഹനത്തെ മറികടന്നു. കുറച്ചുദൂരം മാറ്റി വാഹനം നിർത്തിയ ജയനും പിന്നാലെയെത്തിയ ആദർശും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിനുശേഷം ഇരുകൂട്ടരും മടങ്ങി.
അർധരാത്രിയോടെ തിരികെയെത്തിയ ആദർശുമായി ജയന്റെ വീടിനുസമീപം കരിനിലം റോഡിൽ വീണ്ടും കയ്യാങ്കളിയുണ്ടായി. തുടർന്ന്, പ്രതികൾ ആദർശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates