പാലക്കാട് : കാസര്‍കോട് കല്യാട്ട് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബം, ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് മാറി. ഗൃഹപ്രവേശന ചടങ്ങില്‍ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. അതിനിടെ പുതിയ വീടിന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഹൃദയത്തില്‍ തൊട്ട് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കിച്ചു നീ ഇത് കാണുന്നുണ്ടോ ?
അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത് .
നീ ഉണ്ടാക്കിയ വീടാണിത് .. നീ ഞങ്ങളെയൊന്നും അറിയിക്കാത്ത കഷ്ടപാടുകള്‍ക്കിടയിലും പിടിച്ച പതാകയുടെ തണലാണിത് .
നിന്നെ ഇളം പ്രായത്തില്‍ കൊന്നവര്‍ക്കറിയില്ല നീ അനശ്വരനാണെന്ന് ..നിന്റെ വീടിന്റെയും നാടിന്റെയും പ്രസ്ഥാനത്തിന്റെയും സ്വപ്നങ്ങള്‍ അന്യം നിന്ന് പോവില്ലെന്ന് .
നീ ഇത് കാണണേ കിച്ചു ..
നീ അമ്മയെ ആശ്വസിപ്പിക്കണേ .. പെറ്റ വയറിന് ,വേറെയാരും..ഒരു സൗകര്യങ്ങളും ,നിനക്ക് പകരമാവില്ലെങ്കിലും ഹൈബിയെ പോലെ കുറെ മക്കള്‍ അമ്മയ്ക്കുണ്ടാവുമെന്ന് പറയണം .
കമിഴ്ന്ന് കിടന്നാലും ആകാശം കാണണ ആ പഴയ വീട്ടില്‍ നീയുണ്ടെങ്കില്‍ അത് തന്നെയാവും അമ്മക്ക് സ്വര്‍ഗ്ഗം .. അത് മാത്രം കഴിയുന്നില്ല കിച്ചു . നിന്നെ കൊല്ലുന്നവര്‍ക്കും അതറിയാമായിരുന്നു .. എന്നിട്ടുമവര്‍ ..
പ്രിയ ഹൈബി .. ഹൃദയത്തില്‍ ഹൈബി ഈഡന്‍ എന്നത് തെരഞ്ഞെടുപ്പ് വാചകമല്ല .. സ്‌നേഹം കൊണ്ട് ഉള്ളില്‍ കോറിയിട്ടൊരു വലിയ സത്യമാണത് . അഭിമാനമാണ് ഹൈബി ഈഡന്‍.
കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളില്‍ കയ്യിട്ട് ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates