Kerala

കുഞ്ഞിന്റെ ചികിത്സയ്ക്ക് കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് യുവാവ്;  ഉടന്‍ നടപടിയെടുത്ത് ആരോഗ്യമന്ത്രി, അഭിനന്ദന പ്രവാഹം

സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫെയ്‌സ്ബുക്ക് കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫെയ്‌സ്ബുക്ക് കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.

'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ കിംസ് ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പോള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ അല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടര്‍ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു'- ഇതാണ് മന്ത്രിയുടെ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് സഹോദരന്‍ ജിയാസിന്റെ കമന്റ്.

 നിമിഷങ്ങള്‍ക്കകം തന്നെ വിഷയത്തില്‍ ഇടപെടല്‍ നടത്തിക്കൊണ്ടുളള മന്ത്രിയുടെ മറുപടിയും വന്നു. 'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.' - ഇതായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മറുപടിയിലെ വാചകങ്ങള്‍.

ഇത്തരത്തില്‍ ഒരു കമന്റ് ശ്രദ്ധയില്‍ പെടുകയും, പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ആരോഗ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍പ്പന്‍ ജയം; ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എതിരാളി

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ...; അറിയാം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും