

കൊച്ചി: താരസംഘടന 'അമ്മ'യിലെ തർക്കം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് അൻസിബ ഹസനും ഉഷ ഹസീനയും. 'അമ്മ' ഭരണസമിതിക്കെതിരെ രൂക്ഷവിമർശനമാണ് നടിമാർ ഉന്നയിച്ചത്. സ്ത്രീകൾ നേതൃനിരയിൽ വരണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും എന്നാൽ കഴിഞ്ഞ ഭരണസമിതി അപമാനിച്ചെന്നും ഉഷ ഹസീന പ്രതികരിച്ചു.
ഭരണസമിതി അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ലെന്നും ഉഷ പ്രതികരിച്ചു. പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായി. അൻസിബയുടെ പരാതികൾ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്നും ഉഷ ഹസീന കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ധ്രുവീകരണം നടത്തുന്ന വർഗീയവാദം നടത്തുന്ന മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല അമ്മ ഭരിക്കേണ്ടത്. കേരളം അങ്ങനെ തന്നെയാണെന്നാണ് താനിപ്പോഴും വിശ്വസിക്കുന്നത്. ആ കേരളത്തിനോട് ഒരു ഉത്തരവാദിത്വം ഉള്ളതുകൊണ്ട് അവിടെ നടക്കാനുദ്ദേശിക്കുന്ന കാര്യം നാളെ വരാനിരിക്കുന്ന ഒരു കേരള സ്റ്റോറിയാണ് എന്ന് മനസിലായതു കൊണ്ടും അതിനെ എതിർക്കണമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് താൻ പ്രതികരിച്ചതെന്നും മാല പാർവതി വ്യക്തമാക്കി.
ആ സ്ക്രിപ്റ്റ് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ഒരു സിനിമാ നടി തട്ടമിടാത്ത, ഒരുതരത്തിലും ജാതിമതങ്ങളൊന്നുമില്ലാത്ത അമ്പലത്തിൽ വരെ പോകുന്ന ഒരു മലപ്പുറംകാരി, മുസ്ലീം. അവളവിടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്നൊരു കഥ സിനിമയായിട്ട് വന്നാൽ നോർത്ത് ഇന്ത്യയിൽ ഓടും. ഈ കഥയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസിലായതു കൊണ്ടാണ് ഞാനിത് എതിർത്തത്. മാല പാർവതി പറഞ്ഞു.
ലക്ഷ്മി പ്രിയ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇതിനെതിരെ താൻ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയെന്നും അൻസിബ പറഞ്ഞു. അനീതിയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നും കേരളം വർഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറരുതെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.
"എത്രയും പെട്ടെന്ന് ചെറുപ്പക്കാരായ കുട്ടികൾ, ധ്യാൻ ശ്രീനിവാസന്റെയൊക്കെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ കുട്ടികൾ ഇലക്ഷന് നിൽക്കണം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരൊക്കെ രക്ഷാധികാരികളായി വന്നു കൊണ്ട് ഈ സംഘടനയെ ഏറ്റെടുക്കണം. ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ചെറുപ്പക്കാർ വരണമെന്നാണ്. ശ്വേത അവിടെ വരരുതെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല".- മാല പാർവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates