തിരുവനന്തപുരം: ബിജെപിയുടെ വാളയാര്‍ സമരത്തില്‍ പങ്കെടുത്ത ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ല എന്നു പ്രഖ്യാപിച്ച് എഴുത്തുകാരി സിഎസ് ചന്ദ്രിക കേരളം മലയാള ഭാഷാ പരിപാടിയില്‍നിന്നു പിന്‍വാങ്ങി. ജോര്‍ജ് ഓണക്കൂറിനോട് എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്രകാലവും സൗഹൃമുണ്ടായിരുന്നു. എന്നാല്‍ കത്വയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുര്‍ഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരന്‍ സ്‌നേഹപൂര്‍വം പരസ്യമായി നല്കിയ രാഷ്ട്രീയ ചുംബനം തന്നെ ഭയപ്പെടുത്തുന്നുവെന്ന ചന്ദ്രിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിഎസ് ചന്ദ്രികയുടെ കുറിപ്പ്:
ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോര്‍ജ് ഓണക്കൂറും ഈ പരിപാടിയില്‍ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറില്‍ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയില്‍ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പത്രവാര്‍ത്ത കണ്ടതോടെ, കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാന്‍ ഇന്ന് ഞാന്‍ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്ര കാലവും ഡോ. ജോര്‍ജ് ഓണക്കൂറിനോട് സ്‌നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെന്റെ കടുത്ത തീരുമാനം.
വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തില്‍ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാര്‍ത്ഥ മുഖമറിയാന്‍ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍, പ്രപഞ്ച മാനവ സ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാര്‍ക്ക് കഴിയുന്നതെങ്ങനെ! ബി ജെ പി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുര്‍ഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരന്‍ സ്‌നേഹപൂര്‍വം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു, ഞാന്‍ അതീവ നടുക്കത്തിലും ദു:ഖത്തിലും രോഷത്തിലുമാണ് ഈ വരികള്‍ കുറിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates