Kerala

കുളം കലക്കുന്നവന് ബിരിയാണി കൊടുക്കൂ; നീയിനി പൊളിക്കണ്ട ബ്രോ; ശ്രീരാമിന് സഹപാഠിയുടെ പത്ത് കല്‍പനകള്‍

നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍ സബ് കലക്ടര്‍ വി. ശ്രീരാമിന് എതിരേ മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ 'നീ പൊളിക്കണ്ട ബ്രോ' എന്ന പേരില്‍ വന്ന ഒരു കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശ്രീരാമിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠിച്ച ഫസല്‍ റഹ്മാന്‍ ആണ് വ്യത്യസ്തമായ കുറിപ്പിലൂടെ ശ്രീറാമിന് പത്ത് കല്‍പനകള്‍ നല്‍കുന്നത്. വലിയ മോഹങ്ങളൊക്കെ മാറ്റിവച്ച് വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍ നീ ശ്രദ്ധവയ്ക്കണം എന്നും ഉപദേശിക്കുന്നുണ്ട്. ആ കല്‍പനകള്‍ ഇങ്ങനെ:
#നീപൊളിക്കണ്ടബ്രോ
1. പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ് ഈ മൂന്നാര്‍ ദൗത്യം. നീ അവരേക്കാള്‍ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം. പക്ഷേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓര്‍ക്കണം.
2.All india ലെവലില്‍ 2nd റാങ്ക് നേടിയിട്ടും, ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണം.
3.MBBS ഉം PG യും (അതുംMD general medicine) കഴിഞ്ഞാല്‍ നിനക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് നീ ജോലി ചെയ്യുന്നത്. അപ്പോ ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാര്‍ത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുത്.
4. Srearamvenkitaraman എന്ന ഈ സവര്‍ണ്ണ ഹിന്ദു പേരും വെച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യന്‍ കുരിശോ തൊടാന്‍ പോലുമുള്ള അവകാശം തരാനും മാത്രം വളര്‍ന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.
5. കോളേജ് ടീമിലെ ഇടങ്കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗള്‍ഡ് ആക്കണം, എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെന്‍ഷന്‍ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍ കൂടി നീ ശ്രദ്ധിക്കണം.
6. കക്കാന്‍ പഠിച്ചാല്‍ പോര നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ജീവന്‍ പോയാലും നീ കക്കില്ലെന്നറിയാം. പക്ഷേ, കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസില്‍ വെക്കണം.
7. നമ്മുടെ ബാച്ചിലെ 200 ല്‍ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നീ മാത്രമിങ്ങനെ most eligible bacheor ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണം. അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.
8.പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളില്‍ നീ വീഴില്ലെന്നറിയാമെങ്കിലും ഇതിലും നല്ല വിഷയം കിട്ടിയാല്‍ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാല്‍ മതി.
9. കൈയ്യൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കല്‍ പിമ്പുകളോട്, ഹോസ്റ്റല്‍ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സില്‍ ധ്യാനിച്ച്, 'ഇനിയും ചൊറിയാന്‍ വന്നാല്‍ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്‌സിന്' എന്നങ്ങ് കാച്ചി വിട്ടേക്ക്.
10. നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ.
അത് കൊണ്ട് തന്നെ ഇനിനീപൊളിക്കണ്ടബ്രോ. 
സസ്‌നേഹം അബൂദാബിയില്‍ നിന്നൊരു കൂട്ടുകാരന്‍.

ഫസല്‍ റഹ്മാന്റെ പോസ്റ്റ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT