കൊച്ചി : ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നത് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ 23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം സുരേന്ദ്രന്റെ മോചനത്തിനു വഴിയൊരുങ്ങി.
പൊലീസ് വിലക്കു മറികടന്ന് ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ചതിന് നിലയ്ക്കലില്‍ വച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതിനു മുമ്പു തന്നെ സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ സുരേന്ദ്രനെ പ്രതി ചേര്‍ക്കുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
രണ്ടു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളോടെയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രനില്‍ നിന്നും ഉണ്ടായത്. ശബരിമലയില്‍ സ്ത്രീയെ തടയാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണ്. സുരേന്ദ്രന്‍ സുപ്രിംകോടതി വിധി മാനിച്ചില്ല. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട് തുടങ്ങിയ വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
കേസില്‍ വാദത്തിനിടെ കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന സമയത്ത് സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ല. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രന്‍ വാദിച്ചത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates