തൃശൂര്‍ 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപമാണ് മികച്ച നോവല്‍. എസ്. രമേശന്റെ 'ഹേമന്തത്തിലെ പക്ഷി'യാണ് മികച്ച കവിതപുസ്തകം. സാറാ ജോസഫ്, യു.എ. ഖാദര്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കും.
ഒ.വി.ഉഷ, കെ.സുഗതന്‍, മുണ്ടൂര്‍ സേതു മാധവന്‍, ടിബി വേണുഗോപാലപണിക്കര്‍, വി. സുകുമാരന്‍, പ്രയാര്‍ പ്രഭാകരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഏഴാച്ഛേരി രാമചന്ദ്രനാണ്. മികച്ച ചെറുകഥയ്ക്ക് അഷിതയ്ക്കും(അഷിതയുടെ കഥകള്‍), മികച്ച നാടകത്തിന് ജിനോ ജോസഫിനുമാണ് പുരസ്‌കാരം. മത്തി എന്ന നാടകമാണ് ജിനോയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്തിരിക്കുന്നത്.
സാഹിത്യ വിമര്‍ശനത്തിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സി.ആര്‍ പരമേശ്വരനാണ്. വംശചിഹ്നങ്ങള്‍ എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം മുനി നാരായണ പ്രസാദിനും, മികച്ച യാത്രാ വിവരണത്തിന് വി.ജി.തമ്പി (യൂറോപ്പ് ആത്മ ചിന്തകള്‍), ഒ.കെ.ജോണി(ഭൂട്ടാന്‍ ദിനങ്ങള്‍) എന്നിവര്‍ക്കുമാണ് പുരസ്‌കാരം. ജീവചരിത്രം/ ആത്മകഥാ വിഭാഗത്തില്‍ ഇ ബ്രാഹിം വെങ്ങരയുടെ ഗ്രീന്‍ റൂമും വൈജ്ഞാനിക സാഹിത്യത്തില്‍ കെ.എന്‍. ഗണേശിന്റെ പ്രകൃതിയും മനുഷ്യനും എന്ന ഗ്രന്ഥവും അവാര്‍ഡിന് അര്‍ഹമായി. ഹാസസാഹിത്യത്തിനുള്ള അവാര്‍ഡ് ഡോ. എസ്.ഡി.പി. നമ്പൂതിരിയുടെ വെടിവട്ടത്തിന് ലഭിച്ചു.
1900കള്‍ മുതല്‍ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ കഥ പറഞ്ഞ യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപമാണ് മികച്ച നോവല്‍. നേരത്തെ തക്ഷന്‍കുന്ന് സ്വരൂപം വയലാര്‍ അവാര്‍ഡും നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates