Kerala

കേരളത്തില്‍ ഭരണസ്തംഭനമില്ല; തീരുമാനമെടുക്കുന്നതെല്ലാം മുഖ്യമന്ത്രി; ചെന്നിത്തലയ്ക്ക് മറുപടി

പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു -  മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി. സപ്തംബര്‍ 12 ബുധനാഴ്ചയും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഓഫീസ് അറിയിച്ചു

ദുരിതാശ്വാസത്തിന്റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. കിറ്റ് വിതരണം ഇതനികം തന്നെ പൂര്‍ത്തിയായി. 7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുള്ള സാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് മാര്‍ഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കള്‍ വിതരണം ചെയ്യുകയാണ്.

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്റെ മുമ്പിലുളള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. 

 വിദേശത്തുപോയ ശേഷം ആഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. അത് സുഗമമായി നടക്കുകയും ചെയ്യുന്നു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ അദാലത്ത് സംഘടിപ്പിച്ച് നല്‍കിവരുന്നു. വീട്ടുസാധനങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

കൂട്ടുത്തരവാദിത്വത്തിലാണ് മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍. മന്ത്രിസഭാ ഉപസമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാര്‍ നാളെയും വിവിധ ജില്ലകളില്‍ ഈ ചുമതലകള്‍ നിര്‍വഹിക്കും. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുളള സഹായ പദ്ധതികളുമായും സ്‌പോണ്‍സര്‍ഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അതെല്ലാം ശരിയായ വിധത്തില്‍ ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ സ്വീകരിക്കാനുളള ക്രമീകരണവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലോകബാങ്ക്, എ.ഡി.ബി, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍  എന്നീ ഏജന്‍സികളുടെ പ്രതിനിധികള്‍ ആഗസ്റ്റ് 29ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകബാങ്ക്എ.ഡി.ബി സംഘം കേരളത്തില്‍ വന്ന് നാശനഷ്ടം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസത്തിനകം ഈ വിലയിരുത്തല്‍ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും സംസ്ഥാനത്തിനുളള സഹായം സംബന്ധിച്ച് തീരുമാനം എടുക്കുക. സപ്തംബര്‍ 20നകം ലോകബാങ്ക്എ.ഡി.ബി സംഘം അവരുടെ വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുളള എല്ലാ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ നിര്‍വഹിച്ചുപോരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT