Kerala

'കൊറോണ വന്നതിന്റെ ഗൗരവം മിക്കവർക്കുമില്ല; മാസ്ക് ഉണ്ടെന്നു കരുതി അമിത ആത്മവിശ്വാസം വേണ്ട'- ഡോക്ടറുടെ കുറിപ്പ്

കൊറോണ വന്നതിന്റെ ഗൗരവം മിക്കവർക്കുമില്ല; മാസ്ക് ഉണ്ടെന്നു കരുതി അമിത ആത്മവിശ്വാസം വേണ്ട- ഡോക്ടറുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടർ മനോജ് വെള്ളനാട്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഡോക്ടർ ആശങ്കകൾ പങ്കുവച്ചത്. പലരും കൊറോണയുടെ ​ഗൗരവം മറന്നു കഴിഞ്ഞതായി അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000ലധികം രോഗികള്‍. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഈ നിലയില്‍ രോഗികള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കുമെന്ന് ഡോക്ടർ പറയുന്നു. 

പലരും കൊറോണയുടെ ഗൗരവമൊക്കെ മറന്നു കഴിഞ്ഞു. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാല്‍ തന്നെ അറിയാം, നാട്ടില്‍ കൊറോണ വന്നതിന്റെ യാതൊരു ഗൗരവവും മിക്കവര്‍ക്കുമില്ല. 90% പേരും മാസ്‌ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ വളരെ വളരെ വിരളമാണെന്നും ഡോക്ടര്‍ കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ത്യയിൽ ആകെ കൊറോണ രോഗികളുടെ എണ്ണം 52000 കടന്നു. ഇന്നും 3000-ലധികം രോഗികൾ. ലോകത്ത് ആകെ രോഗികളുടെ എണ്ണത്തിൽ പതിമൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട് ഇപ്പോൾ. ഈ നിലയിൽ രോഗികൾ വർദ്ധിക്കുകയാണെങ്കിൽ ഉടനെ തന്നെ ഇന്ത്യ ചൈനയെയും മറികടന്നേക്കും.

കേരളം ഇന്നും ഒരു പച്ചത്തുരുത്ത് ആയി തുടരുന്നത് ആശ്വാസകരമാണ്. നിലവിൽ 30 രോഗികൾ മാത്രമാണ് നമുക്കിവിടെ ബാക്കിയുള്ളത്. പക്ഷേ അമിതമായ ആത്മവിശ്വാസവും അശാസ്ത്രീയ പ്രവണതകളും നമ്മളെ വീണ്ടും ദുരിതത്തിലേക്ക് എത്തിക്കാൻ സാധ്യത ഇപ്പോഴുമുണ്ട്.

പൊതുഗതാഗതം ഇല്ലെങ്കിലും മിക്കവാറും കാര്യങ്ങളിൽ ഇപ്പോൾ കാര്യമായ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒന്നു പുറത്തേക്കിറങ്ങി നോക്കിയാൽ തന്നെ അറിയാം, നാട്ടിൽ കൊറോണ വന്നതിൻ്റെ യാതൊരു ഗൗരവവും മിക്കവർക്കുമില്ല. 90% പേരും മാസ്ക് വെച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയോ കൈകളുടെ ശുചിത്വം ശ്രദ്ധിക്കുകയോ ചെയ്യുന്നവർ വളരെ വളരെ വിരളമാണ്.

അന്തർസംസ്ഥാന പ്രവാസികളും അന്തർദേശീയ പ്രവാസികളും കൂടി വരുമ്പോൾ നമുക്കിവിടെ രോഗവ്യാപനത്തിനുള്ള സാധ്യത പിന്നെയും കൂടും, പ്രത്യേകിച്ചും വരുന്നവർ ക്വാറൻ്റയിൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെങ്കിൽ. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ വളരെ ശക്തമായ മോണിറ്ററിംഗ് തന്നെ വേണ്ടിവരും.

അവരെ കൃത്യമായി ക്വാറൻ്റൈൻ ചെയ്യുകയും പരമാവധി ആൾക്കാരെ അതിവേഗം പരിശോധനകൾക്ക് വിധേയരാക്കുകയും (രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും) അതിൽ രോഗം കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ട്രാറ്റജി സ്വീകരിക്കുന്നതാവും ഇനി നമുക്ക് നല്ലതെന്നാണ് തോന്നുന്നത്. കൂടുതൽ മനുഷ്യർ ഇങ്ങോട്ട് എത്തുമ്പോഴെങ്കിലും നമ്മൾ ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയാലേ, അതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചാലേ ഇതൊക്കെ സാധ്യമാകൂ.

ഈ സമയത്ത് നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വിഷയം പോസിറ്റീവ് ആകുന്ന എല്ലാ രോഗികളെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രീതി തുടരേണ്ടതുണ്ടോ എന്നുള്ളതാണ്. രോഗം വരുന്നവരിൽ 80 ശതമാനവും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന രോഗമായതിനാൽ അവരെ വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്.

കൊവിഡുമായി ബന്ധപ്പെട്ട് നമുക്കുണ്ടാവുന്ന ചെലവിൻ്റെ വലിയൊരു പങ്കും, ഇത്തരം നിസാര രോഗ ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് നമ്മൾ ഓർക്കണം. മാത്രമല്ല അവരെ പരിചരിക്കാൻ വേണ്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം, അവർക്ക് വേണ്ട വ്യക്തിഗത സുരക്ഷ സാമഗ്രികൾ, രോഗം പകരുന്നതിനുള്ള റിസ്ക്, അവർക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഒക്കെ കുറയ്ക്കാൻ ഈ രീതി സഹായകമാവും. ലോകത്ത് മിക്ക രാജ്യങ്ങളിലും ഈ സ്ട്രാറ്റജിയാണ് ആദ്യം മുതലേ പിൻതുടരുന്നത്.

മറ്റൊന്ന് മെഡിക്കൽ കോളേജുകളും അതിനടുത്തുള്ള ജില്ലാ ആശുപത്രികളെയും ജനറൽ ആശുപത്രികളെയും എല്ലാം കൊവിഡ് രോഗികളെ നോക്കുന്ന ആശുപത്രികളാക്കി മാറ്റുന്ന രീതി മാറ്റേണ്ടതല്ലേ എന്നുകൂടി ചിന്തിക്കണം. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കൊവിഡ് സംശയിക്കുന്നവരെ പരിശോധിക്കുകയും രോഗികളെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. രണ്ടും അടുത്തടുത്ത ആശുപത്രികൾ. ഇതിൽ മെഡിക്കൽ കോളേജിനെ മറ്റുള്ള രോഗങ്ങൾക്ക് മാത്രമായി മാറ്റിവയ്ക്കുകയും GH-നെ കൊവിഡ് ആശുപത്രി ആക്കുകയും ചെയ്താൽ മറ്റു രോഗികൾക്കത് സൗകര്യപ്രദമായിരിക്കും. കൊവിഡ് +ve ആവുന്ന കാര്യമായ ലക്ഷണങ്ങളുള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യുന്ന രീതി കൂടിയായാൽ ഇതെളുപ്പം കൈകാര്യം ചെയ്യാവുന്നതുമാണ്.

മറ്റു രോഗങ്ങളുള്ള ധാരാളം രോഗികൾ ആശുപത്രിയിൽ പോകാനുള്ള ഭയം കാരണം രോഗം മൂർച്ഛിക്കുന്നതുവരെ വീട്ടിൽ തുടരുന്നതും പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്ക് പോകുന്നതും ഇപ്പോൾ ഒരു പ്രധാന പ്രശ്നമാണ്. അതിനൊക്കെ ഇതൊരു പരിഹാരമാകാൻ സാധ്യതയുണ്ട്. (ഒരുദാഹരണമായി മാത്രം പറഞ്ഞതാണ്, തിരുവനന്തപുരത്തെ).

നമ്മൾ അതീവജാഗ്രത തുടരണം. മാസ്ക് ഉണ്ടെന്നുകരുതി അമിത ആത്മവിശ്വാസത്തോടെ ഒന്നിനെയും സമീപിക്കരുത്. പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ചും സൂക്ഷിക്കണം, നമ്മളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയും കോവിഡ് വാഹകർ ആയിരിക്കാം എന്ന് കരുതി തന്നെ ഇടപഴകുക. ഈ ജാഗ്രത നാളെയോ മറ്റന്നാളോ അവസാനിക്കില്ല എന്നും ഓർക്കണം. നമുക്കിനി ഒരുപാട് ദൂരം ഇതേപോലെ മുന്നോട്ട് പോകാനുള്ളതാണ്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT