അങ്കമാലി: മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമയായ എംഎം പ്രസാദാണ് അത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥാപനത്തിന് രണ്ട് വർഷമായി കെഎസ്ഇബി കണക്ഷൻ നൽകിയില്ലെന്ന് ഇയാൾ പരാതിപ്പെടുന്നു. കലക്ടർ വന്ന ശേഷമോ അല്ലെങ്കിൽ സ്ഥാപനത്തിന് വൈദ്യുതി നൽകുമെന്ന ഉറപ്പോ ഇല്ലാതെ താഴെയിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് യുവാവ്.
സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. യുവാവിനെ ഏതെങ്കിലും വിധത്തിൽ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്, ഫയർഫോഴ്സ് അധികൃതർ. ലൈസൻസുള്ള തോക്കും വിഷവും ഇയാൾ കൈയിൽ കരുതിയിട്ടുണ്ട്. കലക്ടർ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരെ സ്ഥലത്തെത്തിക്കാനും ആലോചനകളുണ്ട്.
രണ്ട് വർഷം മുൻപാണ് ഇദ്ദേഹം വിദേശ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയത്. കോടികൾ മുടക്കിയാണ് സ്ഥാപനം തുടങ്ങിയതെന്ന് പ്രസാദ് വ്യക്തമാക്കി. എന്നാൽ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി കണക്ഷൻ നൽകാതിരുന്നത്. കോടികൾ മുടക്കി തുടങ്ങിയ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്തതിൽ യുവാവിന് മാനസിക വിഷമം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ 110 ദിവസമായി യുവാവ് അങ്കമാലി കറുകുറ്റിയിലുള്ള കെഎസ്ഇബി ഓഫീസിന് മുന്നിൽ സമരം നടത്തുകയായിരുന്നു. ഇത്രയും ദിവസമായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നോ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നോ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ മാനസികമായി തകർന്നാണ് ഇന്ന് രാവിലെ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് മരത്തിന് മുകളിൽ കയറിയത്. താഴെയിറക്കാനുള്ള അനുനയ നീക്കങ്ങൾ നടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates