തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അരുൺ എന്ന് പൊലീസ് റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ 'കോബ്ര' എന്ന ഓമനപ്പേരിലാണ് ഗുണ്ടാ സംഘങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. കൊലപാതകം, ലഹരിമരുന്ന് കടത്ത്, മണൽക്കടത്ത്, ഭീഷണിപ്പെടുത്തൽ തുടങ്ങി ഏഴിലേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു.
പത്താം ക്ലാസുവരെ മാത്രം പഠിച്ച അരുൺ ബാങ്ക് ജീവനക്കാരായിരുന്ന മാതാപിതാക്കളുടെ ഇളയമകനാണ്. അച്ഛന്റെ അപകട മരണത്തെ തുടർന്ന് ആശ്രിത നിയമനം ലഭിച്ചെങ്കിലും ഇയാൾ ജോലി ഉപേക്ഷിക്കുകയായിരുന്നു. നാട്ടിലെത്തി ഗുണ്ടാ സംഘവുമായി ചേർന്ന് മണൽ കടത്ത് തുടങ്ങി. പിന്നീട് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നന്തൻകോടുള്ള ഫ്ളാറ്റ് സ്വന്തം പേരിൽ എഴുതി വാങ്ങിയതായും പൊലീസ് കണ്ടെത്തി.
സഹോദരൻ സൈന്യത്തിൽ ലഫ്റ്റനന്റ് കേണലാണ്. ആഡംബര ജീവിതത്തിനായാണ് ഗുണ്ടാ സംഘങ്ങൾക്കൊപ്പം ചേർന്നതെന്ന് മുൻപ് ചോദ്യം ചെയ്തപ്പോൾ ഇയാൾ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates