തിരുവനന്തപുരം: പിഎസ്സി പരീക്ഷതട്ടിപ്പ് കേസിൽ പ്രതിയായ ഗോകുലിന്റെ സിം കാർഡ് കണ്ടെത്തി. ഗോകുലിന്റെ ബന്ധുവീട്ടിൽ നിന്നാണ് ഫോണും സിം കാർഡും കണ്ടെടുത്തത്. തട്ടിപ്പ് വെളിപ്പെടുത്തുന്ന മറ്റു കുറിപ്പുകളും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരങ്ങൾ അയയ്ച്ച് കൊടുക്കാൻ എസ്പി ക്യാംപിലെ ഉദ്യോഗസ്ഥനായ ഗോകുൽ ഉപയോഗിച്ച സിം കണ്ടെടുക്കാനായില്ല.
ഉത്തരങ്ങൾ പരീക്ഷാ ഹാളിൽ ലഭിച്ചത് സ്മാർട്ട് വാച്ചുകൾ മുഖേനയാണെന്നു പ്രതികളായ ശിവരഞ്ജിത്തും നസീമും മൊഴി നൽകിയിട്ടുണ്ട്. പിഎസ്സി നടത്തിയ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടും തട്ടിപ്പും നടത്താനുള്ള ആസൂത്രണത്തിൽ, മുൻ എസ്എഫ്ഐ നേതാവും മൂന്നാം പ്രതിയായ പ്രണവ്, എസ്എപി ക്യാന്പിലെ പോലീസുകാരായ ഗോകുൽ, സഫീർ എന്നിവർക്കും പങ്കുണ്ടെന്നു പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യപേപ്പർ എത്തിച്ചുവെന്നും സഫീറും താനും ചേർന്ന് ഉത്തരങ്ങൾ എസ്എംഎസായി അയച്ചുവെന്നും ഗോകുൽ വെളിപ്പെടുത്തി. സംസ്കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താൻ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുൽ മൊഴി നല്കി. പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആരാണ് പ്രണവ് സഹായിക്കാനായി വിളിച്ചവർ എന്ന് അറിയില്ലെന്നാണ് ഗോകുൽ പറയുന്നത്.
പരീക്ഷാ തട്ടിപ്പുകേസിൽ അറസ്റ്റിലായവർക്കു പുറമേ മറ്റാർക്കെങ്കിലും ഉത്തരങ്ങൾ എസ്എംഎസ് ആയി ലഭിച്ചിട്ടുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. പരീക്ഷ എഴുതുന്നതിനായി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. അറസ്റ്റിലായ ശിവരഞ്ജിത്, നസീം എന്നിവരെ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് സമ്മതിച്ചെങ്കിലും ചോദ്യക്കടലാസ് എങ്ങനെ ലഭിച്ചെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്. ഇതിനായി തട്ടിപ്പിനിടയാക്കിയ പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ശേഖരിച്ചു. 2018 ജൂലൈയിൽ നടന്ന കഐപി ബറ്റാലിയൻ കോണ്‍സ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയ മൂന്നുപേർ പരീക്ഷയെഴുതിയ സെന്ററുകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് ശേഖരിച്ചത്. അന്വേഷണ സംഘം ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates