Kerala

'ചാണകം മെഴുകിയ തറ, ചിമ്മിനി വെളിച്ചത്തില്‍ പഠനം, അച്ഛനെ നോക്കാന്‍ കഴിയാതിരുന്നതില്‍ കുറ്റബോധം'; കഠിന പരിശ്രമത്തിലൂടെ 301-ാം റാങ്ക്, പടവുകള്‍ താണ്ടിയ കഥ

കഠിന പരിശ്രമവും ചിട്ടയായ പഠനവുമുണ്ടെങ്കില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടിക്കോല്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വരുന്ന വിവേക്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: അസാധ്യമായിട്ട് ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് കാസര്‍ക്കോട്ടുകാരന്റെ വിജയം. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പശ്ചാത്തലത്തില്‍ നിന്ന് കഠിന പരിശ്രമത്തിലൂടെ നേട്ടം പിടിച്ചുവാങ്ങിയ കഥയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301-ാം റാങ്ക് നേടിയ വിവേക് കെ വിക്ക് പറയാനുള്ളത്. കഠിന പരിശ്രമവും ചിട്ടയായ പഠനവുമുണ്ടെങ്കില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടിക്കോല്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വരുന്ന വിവേക്.

 ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടില്‍ തെളിഞ്ഞ അക്ഷരങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍  റാങ്കിന്റെ തിളക്കത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. ഓലമേഞ്ഞ് ചാണകംമെഴുകിയ വീടാണ് വിവേകിന്റേത്. ഒരു ശുചിമുറിപോലും വീട്ടില്‍ ഇല്ലായിരുന്നു. ജീവിതത്തില്‍ ആകെയുണ്ടായിരുന്ന നേട്ടം അമ്മയ്ക്ക് ജോലിയുണ്ടായിരുന്നതാണ്. എല്ലാ കഷ്ടപ്പാടില്‍നിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ കെ പ്രഭാവതിക്കാണ് ഈ നേട്ടം വിവേക് സമര്‍പ്പിക്കുന്നത്. തെയ്യം കലാകാരനായ അച്ഛന്‍ മദ്യപാനിയായിരുന്നു. അച്ഛന്റെ മദ്യപാനശീലം കുടുംബത്തിന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി. 

വിവേകിനെയും സഹോദരിയെയും 25 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. രണ്ട് ബസും ഒരു ട്രെയിനും കയറി വേണം സ്‌കൂളിലെത്താന്‍. തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാലും അമ്മയെ സഹായിക്കാനും വെള്ളം കോരിവെയ്ക്കാനുമായി വിവേകിന് സമയം ചെലവഴിക്കേണ്ടി വന്നു. ഈ അവസരത്തിലാണ് ഏത് സാഹചര്യത്തില്‍ നിന്നും പഠിക്കാനുള്ള കഴിവ് വിവേക് നേടിയെടുത്തത്. ബസില്‍ യാത്രചെയ്യുമ്പോഴും ബസ് കാത്തുനില്‍ക്കുമ്പോഴും വിവേക് പാഠപുസ്തകം കൈവിട്ടില്ല. എന്തിനേറെ മഴപെയ്യുമ്പോള്‍  കുട പിടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പോലും വിവേക് പഠനം തുടര്‍ന്നു.

എന്‍ഐടി ട്രിച്ചിയിലായിരുന്നു ഉപരിപഠനം. അവിടത്തെ പഠനകാലത്താണ് ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവാണെന്ന് തിരിച്ചറിയുന്നത്. എന്‍ഐടിയിലെ മറ്റുവിദ്യാര്‍ഥികള്‍ക്കൊപ്പം മുന്നേറാന്‍ ഹിന്ദുപത്രം വായിച്ച് അതിലെ വാക്കുകള്‍ കുറിച്ചുവെയ്ക്കാന്‍ തുടങ്ങി. മൂന്നുവര്‍ഷം കൊണ്ട് ഇംഗ്ലീഷ് വരുതിയിലാക്കാന്‍ സാധിച്ചു.

പഠനം കഴിഞ്ഞ ഉടന്‍ തന്നെ ജോലി ലഭിച്ചു. എന്നാല്‍ ചെന്നൈ പോലെയൊരു നഗരത്തില്‍ ജീവിക്കാനും വീട്ടിലേക്ക് അയക്കാനുമുള്ള പണമില്ലായിരുന്നു. ക്യാറ്റ് പരീക്ഷ എഴുതിയാല്‍ നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ അതും എഴുതി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ക്യാറ്റ് പരീക്ഷയില്‍ വിജയിച്ച വിവേകിന് കൊല്‍ക്കട്ട ഐഐഎമ്മില്‍ പ്രവേശനം ലഭിച്ചു. 

അവിടെ മാനവികവിഷയങ്ങളും പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ് ജാതി, മതം സാമൂഹികമായ പിന്നാക്കഅവസ്ഥ എന്നിവയെല്ലാം രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് മനസിലായത്. സ്വന്തം ജീവിതത്തിലും ജാതി പലപ്പോഴും വില്ലനായിട്ടുണ്ടെന്ന തിരിച്ചറിവ് വിവേകിനുണ്ടായി. ഇനിയൊരു ജോലി ചെയ്യുകയാണെങ്കില്‍ സാമൂഹികപ്രതിബദ്ധതയുള്ള ജോലിയ്ക്ക് മാത്രമേ ശ്രമിക്കു എന്ന തീരുമാനത്തിലേക്ക് നയിച്ചത് ഈ അനുഭവങ്ങളാണ്. 

ഐഎമ്മിലെ പഠനശേഷം നല്ലൊരു കമ്പനിയില്‍ ജോലി ലഭിച്ചു. കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധികള്‍ കുറേയൊക്കെ പരിഹരിക്കാനും സാധിച്ചു. എന്നിരുന്നാലും യുപിഎസി എന്ന മോഹം മനസില്‍ ശക്തമായി രണ്ടുവര്‍ഷത്തോളം ഗുഡ്ഗാവിലെ ജോലിയ്‌ക്കൊപ്പം പരിശീലനം നടത്തി പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. 

ജോലി ഉപേക്ഷിച്ച് പഠിച്ചാല്‍ മാത്രമേ പ്രയോജനമൊള്ളൂ എന്ന് തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ചു. ഒരു വര്‍ഷം മുഴുവന്‍ പരിശീലനത്തില്‍ മുഴുകി. പ്രിലിംസ് പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് വിവേകിന് വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നു. അച്ഛന്‍ മരിച്ചു. ഈ പതിനഞ്ചു ദിവസം ജീവിതത്തിലെ ഏറ്റവും നിര്‍ണായകനിമിഷങ്ങളായിരുന്നു. മുറിയില്‍ ഇരുന്നാല്‍ പഠിക്കാന്‍ പറ്റുന്നില്ല, യാതൊന്നും ചെയ്യാന്‍ പറ്റുന്നില്ല. ജോലി വിടാതെ അച്ഛന്റെ കാര്യങ്ങള്‍ നോക്കിയിരുന്നെങ്കില്‍ അദ്ദേഹം മരിക്കില്ലായിരുന്നു തുടങ്ങിയ കുറ്റബോധങ്ങള്‍ വേട്ടയാടാന്‍ തുടങ്ങി. 

വിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളാണ് ജീവിതത്തില്‍ മുന്നേറാന്‍ സഹായിച്ചത്. അതുകൊണ്ട് ഈ തീരുമാനവും തെറ്റില്ലെന്ന് വിശ്വസിച്ച് പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. ആ ഭാഗ്യപരീക്ഷണത്തില്‍ വിവേക് വിജയിച്ചു. 2018ല്‍ 667-ാം റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വീസില്‍ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവില്‍ സര്‍വീസ് അക്കാദമിയില്‍ മെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301-ാം റാങ്കിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

വിദേശ നിക്ഷേപകര്‍ വീണ്ടും വില്ലന്‍മാരായി, ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് നേട്ടം

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

SCROLL FOR NEXT