കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീന്‍സും ലെഗ്ഗിന്‍സും ധരിക്കുന്നത് നിരോധിക്കാനുളള എംഇഎസ് തീരുമാനത്തിനെതിരെ പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. 'ഇന്ന് ജീന്‍സ് ഉള്‍പ്പെടെയുള്ളവ തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമെന്ന നിലയില്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ്. മധ്യവര്‍ഗ്ഗത്തിന്റെ കൃത്രിമസദാചാരമാണ് അവയ്ക്ക് എതിരായ നിലപാടിന് പിന്നിലുള്ളത്. മത യാഥാസ്ഥിതികത്വത്തിന്റെ വീക്ഷണഗതികള്‍ പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം കാഴ്ചപ്പാടുകളും.'- സുനില്‍ പി ഇളയിടം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനുള്ള എം.ഇ. എസ്. മാനേജ്‌മെന്റിന്റെ തീരുമാനം സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ഇതില്‍ ഉന്നയിക്കാമെങ്കിലും , മുഖാവരണമടക്കമുള്ള വസ്ത്രങ്ങള്‍ അത്തരം തെരഞ്ഞെടുപ്പിന്റെ ഫലമായല്ല കേരളത്തില്‍ വ്യാപിച്ചത്.നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാര്‍ത്ഥമായ വേരുകളില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോര്‍ത്ത് സ്ത്രീജീവിതത്തില്‍ അടിച്ചേല്‍പ്പിച്ച പല നിയന്ത്രണങ്ങളില്‍ ഒന്നാണത്. സ്ത്രീയുടെ സ്വാധികാരത്തിനു മേലുള്ള മതാധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കടന്നുകയറ്റം മാത്രമേ അതിലുള്ളൂ.
മുഖാവരണ നിരോധനത്തോടൊപ്പം ജീന്‍സും ലെഗ്ഗിന്‍സും പോലുള്ള വസ്ത്രങ്ങളും തങ്ങളുടെ സ്ഥാപനങ്ങളില്‍ നിരോധിക്കാന്‍ എം.ഇ. എസ്. തീരുമാനിച്ചതായാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ വാര്‍ത്ത ശരിയാണെങ്കില്‍ അങ്ങേയറ്റം അസ്വീകാര്യവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതുമായ തീരുമാനമാണത്. ഇന്ന് ജീന്‍സ് ഉള്‍പ്പെടെയുള്ളവ തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമെന്ന നിലയില്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ്. മധ്യവര്‍ഗ്ഗത്തിന്റെ കൃത്രിമസദാചാരമാണ് അവയ്ക്ക് എതിരായ നിലപാടിന് പിന്നിലുള്ളത്. മത യാഥാസ്ഥിതികത്വത്തിന്റെ വീക്ഷണഗതികള്‍ പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം കാഴ്ചപ്പാടുകളും.
ഇതിലെ അടിസ്ഥാനപ്രശ്‌നം സ്ത്രീ ശരീരത്തിനു മേലുള്ള പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ്. സ്ത്രീയെ സമ്പൂര്‍ണ്ണയായ സ്വതന്ത്രവ്യക്തിയായി കാണാനും അംഗീകരിക്കാനും തയ്യാറാവുക എന്നതാണ്.
അതിനു സഹായകമായ ഏതു നിലപാടും എത്രയും സ്വാഗതാര്‍ഹമാണ്.
അതിനെതിരായ ഏതു നിലപാടും
അത്രതന്നെ എതിര്‍ക്കപ്പെടേണ്ടതുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates