തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിന്റെ  ഫഌറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫഌറ്റിലാണ് റെയ്ഡ് നടക്കുന്നത്. ഒന്നര മണിക്കൂറിലധികമായി ഉദ്യോഗസ്ഥര്‍ ഫഌറ്റില്‍ പരിശോധന നടത്തുകയാണ്. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ഇവരെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്‌ന സുരേഷിന്റെ കേസിലെ പങ്കാളിത്തത്തെ കുറിച്ച് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ കെഎസ്‌ഐടിഐഎല്ലിന്റെ ഭാഗമായ സ്‌പേസ് പാര്‍ക്കില്‍ നിന്നും സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടത്. അതേസമയം സംഭവത്തിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയി. ഇവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷാണ് എന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്‌ന സുരേഷിന് ഉന്നതതലത്തില്‍ ബന്ധങ്ങളുണ്ടെന്നാണ് വിവരം. അതേസമയം പ്രൈസ് വാട്ടര്‍കൂപ്പേഴ്‌സ് മുഖേനയാണ് ഇവരെ നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തളളി. ഇവര്‍ ഐടി വകുപ്പിന് കീഴിലുളള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജന്‍സി നല്‍കിയ പ്രഫഷണല്‍ റഫറന്‍സ് അനുസരിച്ചാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. സരിത്തും സ്വപ്‌ന സുരേഷും നേരത്തെ കോണ്‍സുലേറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.
പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ സ്വപ്‌നയെയും സരിത്തിനെയും കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷവും ഇവര്‍ തട്ടിപ്പു തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ ഐഡി കാര്‍ഡ് സരിത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് തുടര്‍ന്നത്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് വന്നിരുന്നത്.
ഡിപ്ലാമാറ്റ് ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. സ്വര്‍ണ്ണം അടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഡിപ്ലോമാറ്റ് ബാഗ് വഴി സ്വര്‍ണ്ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. ജൂണ്‍ 30 ന് വരുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ഇത്തരത്തില്‍ കടത്തുന്നുണ്ടെന്നായിരുന്നു വിവരം.
ഇതേത്തുടര്‍ന്ന് ബാഗ് ക്ലിയര്‍ ചെയ്യാതെ കസ്റ്റംസ് തടഞ്ഞുവെച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നുപരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയതും, 30 കിലോ സ്വര്‍ണ്ണം പിടികൂടിയതും. സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സരിത്ത് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
മുമ്പും ഇത്തരത്തില്‍ നിരവധി ഇടപാടുകള്‍ നടത്തിയിരുന്നു. ഒരു ഇടപാടിന് ലഭിച്ചത് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയെന്നും സരിത്ത് സമ്മതിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates